അല്ലു അര്‍ജുന്‍ വീണ്ടും കുടുങ്ങുമോ? സെലിബ്രിറ്റികളെ ക്ഷണിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു; കത്ത് പുറത്ത്

Update: 2024-12-17 05:08 GMT

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതിന് പിന്നാലെ വിവാദം കെട്ടടങ്ങുന്നില്ല. അപകടമുണ്ടായ ഹൈദരാബാദിലെ സന്ധ്യാ തിയേറ്റര്‍ മാനേജ്‌മെന്റിന് പൊലീസ് പരിപാടിക്ക് മുമ്പേ അയച്ച കത്ത് പുറത്ത്. പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ സെലിബ്രിറ്റികളെ എത്തിക്കരുതെന്നും ഇതുകൊണ്ടുണ്ടാവുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വരികയും ചെയ്യുമെന്ന് പൊലീസിന്റെ കത്തിലുണ്ട്. ഇത് അവഗണിച്ചാണ് തിയേറ്റര്‍ മാനേജ്‌മെന്റ് അല്ലു അര്‍ജുനെ എത്തിച്ചത്.


തിയേറ്റര്‍ മാനേജ്‌മെന്റിന് പൊലീസ് അയച്ച കത്ത്‌

ഡിസംബര്‍ 4ന് പുഷ്പ 2 റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രധാന അഭിനേതാക്കളും വിഐപികളും പ്രൊഡക്ഷന്‍ യൂണിറ്റും സിനിമ കാണാന്‍ എത്തുമെന്നതിനാല്‍ പോലീസ് ഒരുക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ രണ്ടിന് തിയറ്റര്‍ മാനേജ്മെന്റ് ഹൈദരാബാദ് ചിക്കഡപള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സെലിബ്രിറ്റികളെ ക്ഷണിക്കരുതെന്ന് കാട്ടി പൊലീസ് തീയേറ്റര്‍ മാനേജ്‌മെന്റിന് മറുപടി നല്‍കിയത്.

ഡിസംബര്‍ നാലിനുണ്ടായ അപകടത്തില്‍ മരിച്ച യുവതിയുടെ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അറസ്റ്റിലായ അല്ലു അര്‍ജുന്‍ ഇപ്പോള്‍ ഇടക്കാല ജാമ്യത്തിലാണ്.

Similar News