ത്രീഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെറും 6 മണിക്കൂറിനുള്ളില്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിച്ച് ജപ്പാന്‍

വെസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനിയാണ് അരിഡ സിറ്റിയിലെ ഹത്സുഷിമ സ്റ്റേഷന്റെ പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.;

Update: 2025-04-11 09:10 GMT

ത്രീഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെറും 6 മണിക്കൂറിനുള്ളില്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിച്ച് ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ് ജപ്പാന്‍. പരമ്പരാഗത രീതിയില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ രണ്ട് മാസത്തിലധികം സമയം എടുക്കും, ഇരട്ടി ചെലവും വരും. അതിനിടെയാണ് വെറും ആറുമണിക്കൂറിനുള്ളില്‍ തന്നെ ജപ്പാന്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിച്ചത്. ലോകത്തിലെ തന്നെ ആദ്യ സംഭവമാണിത്.

ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനിയാണ് അരിഡ സിറ്റിയിലെ ഹത്സുഷിമ സ്റ്റേഷന്റെ പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. സാങ്കേതിക വിദ്യയുടെ സകല സാധ്യതകളും ഉപയോഗിച്ച് കൊണ്ടുള്ള ഈ നേട്ടം റെയില്‍ അടിസ്ഥാന സൗകര്യ നവീകരണത്തിലെ ഒരു സുപ്രധാന ചുവടുവെയ്പായാണ് വിദഗ്ധര്‍ അടയാളപ്പെടുത്തുന്നത്.

രാത്രിയിലെ അവസാന ട്രെയിന്‍ പുറപ്പെടുന്നതിനും രാവിലെയുള്ള ആദ്യത്തെ ട്രെയിന്‍ എത്തുന്നതിനും ഇടയിലാണ് പിണി പൂര്‍ത്തിയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തകര്‍ച്ചയുടെ വക്കിലെത്തിയിരുന്ന റെയില്‍വേ സ്റ്റേഷന്റെ പഴയ കെട്ടിടത്തിന് പകരം ആയാണ് ത്രീഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത്യാധുനിക റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിച്ചത്.

പഴയ കെട്ടിടം 1948 -ല്‍ തടി കൊണ്ടായിരുന്നു നിര്‍മ്മിച്ചിരുന്നത്. ഇതിന് പകരമായി ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ത്രീഡി പ്രിന്റഡ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ സ്ഥലത്തെത്തിച്ച് കൃത്യമായി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. ആറ് മണിക്കൂറിനുള്ളില്‍ തന്നെ മുന്‍കൂട്ടി നിര്‍മ്മിച്ചിരുന്ന റെയില്‍വേ സ്റ്റേഷന്റെ ഭാഗങ്ങള്‍ സ്ഥലത്ത് എത്തിച്ച് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2018 മുതല്‍ ഓട്ടോമേറ്റഡ് ആയ ഈ സ്റ്റേഷന്‍ പ്രതിദിനം ഏകദേശം 530 യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നുണ്ട്. മണിക്കൂറില്‍ ഒന്ന് മുതല്‍ മൂന്ന് വരെ ട്രെയിന്‍ സര്‍വീസുകള്‍ ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നുണ്ട്. വകയാമ പ്രിഫെക്ചറിലെ 25,000 ജനങ്ങള്‍ പാര്‍ക്കുന്ന അരിഡയുടെ ഭാഗമായ ശാന്തമായ ഒരു കടല്‍ത്തീര പട്ടണത്തിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

പുതിയ കെട്ടിടം 100 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ളതും പഴയ തടി ഉപയോഗിച്ചുള്ള സ്റ്റേഷനേക്കാള്‍ വളരെ ചെറുതുമാണ്. വെസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനി (ജെആര്‍ വെസ്റ്റ്) യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പരമ്പരാഗത രീതിയില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ രണ്ട് മാസത്തിലധികം എടുക്കുമായിരുന്നു, ഇരട്ടി ചിലവും വരും.

അരിഡയില്‍ നിന്ന് ഏകദേശം 804 കിലോമീറ്റര്‍ അകലെയുള്ള ക്യുഷു ദ്വീപിലെ കുമാമോട്ടോ പ്രിഫെക്ചറിലെ ഒരു ഫാക്ടറിയിലാണ് ത്രീഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ നിര്‍മ്മിച്ചത്. പിന്നീട് ഇത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു.

'സാധാരണ ഗതിയില്‍ രാത്രിയില്‍ ട്രെയിനുകള്‍ ഓടാത്ത സമയത്ത് മാത്രമായി നിര്‍മ്മാണം നടത്തുമ്പോള്‍ പണി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കും,' - എന്ന് സെറെന്‍ഡിക്‌സിന്റെ സഹസ്ഥാപകനായ കുനിഹിരോ ഹണ്ട പറഞ്ഞു.

രാത്രി 11:57 ന് അവസാന ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതിനുശേഷം, തൊഴിലാളികള്‍ ത്രി ഡി പ്രിന്റ് ചെയ്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങി. ഓരോ ത്രി ഡി ബ്ലോക്കും ഉയര്‍ത്തി പഴയ സ്റ്റേഷന് സമീപം സ്ഥാപിക്കാന്‍ ഒരു ക്രെയിന്‍ ഉപയോഗിച്ചു. ആദ്യത്തെ ട്രെയിന്‍ രാവിലെ 5:45 ന് എത്തുന്നതിനുമുമ്പ് തന്നെ പണി പൂര്‍ത്തിയായി.

'വളരെ കുറച്ച് ആളുകള്‍ മാത്രമാണ് പണി പൂര്‍ത്തിയാക്കാനായി സ്ഥലത്ത് ഉണ്ടായിരുന്നത്' - എന്നും ജെആര്‍ വെസ്റ്റ് ഇന്നൊവേഷന്‍സ് പ്രസിഡന്റ് റിയോ കവാമോട്ടോ പറഞ്ഞു.

കെട്ടിടം പണി പൂര്‍ത്തിയായെങ്കിലും, ഇന്റീരിയര്‍ ജോലികളും ടിക്കറ്റ് മെഷീനുകള്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കാര്‍ഡ് റീഡറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഘടിപ്പിക്കേണ്ടതുണ്ട്. ജെആര്‍ വെസ്റ്റിന്റെ അഭിപ്രായത്തില്‍, പുതിയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം ജൂലൈയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Similar News