ഒടുവില്‍ 9 മാസങ്ങള്‍ക്ക് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും തിരിച്ചുവരുന്നു; സ്ഥിരീകരിച്ച് നാസ

Update: 2025-03-09 11:56 GMT

ന്യൂയോര്‍ക്: ഒടുവില്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് സ്ഥിരീകരിച്ച് നാസ. നീണ്ട ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തിരികെ എത്തുന്നത്. മാര്‍ച്ച് പതിനാറിന് സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ ഇരുവരും ഭൂമിയിലെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

ഐ എസ് എസിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയിലെ നിക്ക് ഹോഗ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവര്‍ക്കൊപ്പം ഇരുവരും യാത്ര തിരിക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

ദീര്‍ഘകാലം ബഹിരാകാശത്ത് ചെലവഴിച്ചശേഷം മടങ്ങിയെത്തുമ്പോള്‍ ഇരുവരുടേയും ആരോഗ്യസ്ഥിതിക്ക് പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുമ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെട്ടുപോവുക എന്നത് പ്രധാനമാണ്. ഈ സമയത്ത് ഒരു പെന്‍സില്‍ ഉയര്‍ത്തുന്നത് പോലും കഠിനമായി തോന്നുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

2024 ജൂണില്‍ സ്റ്റാര്‍ലൈനര്‍ സ്‌പേസ് ക്രാഫ്റ്റില്‍ ബഹിരാകാശ നിലയത്തിലെത്തിയ ഇരുവരും, സാങ്കേതിക തകരാര്‍ മൂലം കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവര്‍ പോയ ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ ന്യൂമെക്‌സികോയിലെ വൈറ്റ് സാന്‍ഡ് സ്‌പേസ് ഹാര്‍ബറില്‍ സെപ്റ്റംബര്‍ 6ന് തിരികെയെത്തിയിരുന്നു.

മനുഷ്യരേയും വഹിച്ചുള്ള അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള സ്റ്റാര്‍ലൈനറിന്റെ പരീക്ഷണാര്‍ത്ഥം ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി.

ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം മടക്കം നീണ്ടു. ഇരുവര്‍ക്കും മാസങ്ങളോളം അവിടെ കുടുങ്ങിക്കിടക്കിടക്കേണ്ടി വന്നു.

Similar News