ഒരു കാലത്ത് എല്ലാവരുടേയും പ്രിയങ്കരന്‍; അല്‍കാടെല്‍ ബ്രാന്‍ഡഡ് സ്മാര്‍ട്ട് ഫോണുകളുമായി നോക്കിയ ഇന്ത്യയില്‍ തിരിച്ചെത്തുന്നു
വരാനിരിക്കുന്ന സ്മാര്‍ട്ട് ഫോണില്‍ സ്‌റ്റൈലസ് പെന്‍ പിന്തുണ ഉണ്ടായിരിക്കും എന്നതാണ് പ്രധാന സവിശേഷത;
ഫ്രഞ്ച് ഉപഭോക്തൃ സാങ്കേതിക ബ്രാന്‍ഡായ ആല്‍ക്കറ്റെലുമായി സഹകരിച്ച് നോക്കിയ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൊബൈല്‍ ബ്രാന്‍ഡുകളില്‍ ഒന്നായി സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്ന ഫീച്ചര്‍ ഫോണുകള്‍ക്കും മള്‍ട്ടിമീഡിയ ഉപകരണങ്ങള്‍ക്കും നോക്കിയ പ്രശസ്തി നേടിയിരുന്നു.
ഒരുകാലത്ത് ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ എന്നാല്‍ അത് നോക്കിയ ആയിരുന്നു. കുറച്ച് കാലം മുമ്പുവരെ നോക്കിയ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഫോണുകളായിരുന്നുവെങ്കിലും വിവിധ കമ്പനികളില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണുകളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ നോക്കിയ ഇന്ത്യന്‍ വിപിണിയില്‍ നിന്നും ഏറെക്കുറെ അപ്രത്യക്ഷമായി. അതിനിടെയാണ് ഫ്രഞ്ച് ബ്രാന്‍ഡായ അല്‍കാറ്റെലുമായി സഹകരിച്ച് ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാന്‍ നോക്കിയ ഒരുങ്ങുന്നത്. വരാനിരിക്കുന്ന സ്മാര്‍ട്ട് ഫോണില്‍ സ്‌റ്റൈലസ് പെന്‍ പിന്തുണ ഉണ്ടായിരിക്കും എന്നത് ഈ ഫോണിലെ ശ്രദ്ധേയമായൊരു ഫീച്ചര്‍ ആയിരിക്കും.
ഈ പങ്കാളിത്തത്തിലൂടെ നോക്കിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് തിരിച്ചെത്തുകയും ഉടന്‍ തന്നെ ഒരു പ്രീമിയം ഡിവൈസ് പുറത്തിറക്കുകയും ചെയ്യും. ഫ് ലിപ് കാര്‍ട്ടില്‍ ആയിരിക്കും ഈ പുതിയ സ്മാര്‍ട്ട് ഫോണിന്റെ ലോഞ്ച് നടക്കുക. ഈ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കും. എങ്കിലും, കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വ്യക്തമല്ല. നേരത്തെ മാര്‍ച്ചില്‍ പുതിയ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പിന്നീട് ലോഞ്ചിംഗ് മാറ്റുകയായിരുന്നു.
അടുത്ത കാലം വരെ നോക്കിയയുടെ സ്മാര്‍ട്ട് ഫോണുകള്‍ എച്ച്.എം.ഡി ഗ്ലോബലിന്റെ പങ്കാളിത്തത്തോടെയാണ് പുറത്തിറക്കിയിരുന്നത്, എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എച്ച്.എം.ഡി സ്വന്തം ബ്രാന്‍ഡിംഗുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ഫ്രഞ്ച് ടെക്ക് ബ്രാന്‍ഡായ അല്‍ക്കാടെലിന് വലിയൊരു ചരിത്രം കൂടി പറയാനുണ്ട്.
1996 മുതല്‍ ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ വിവിധ വിപണികളില്‍ കോര്‍ഡഡ് മൊബൈല്‍ ഫോണുകള്‍ വിറ്റിരുന്ന കമ്പനിയാണ് അല്‍ക്കാടെല്‍. സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ 2006 ഓടെ കോര്‍ഡഡ് മോഡലുകളില്‍ നിന്ന് അല്‍കാടെല്‍ ചുവടുമാറ്റി. തുടര്‍ന്ന് ലൂസെന്റുമായി സഹകരിച്ച് ടെലികോം ഉപകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമേ, അല്‍കാടെലിന്റെ ഉല്‍പ്പന്ന നിരയില്‍ ടാബ് ലെറ്റുകളും മറ്റ് ഉപകരണങ്ങളും ഉള്‍പ്പെടുന്നു. അതേസമയം, നോക്കിയ കമ്പനി ടെലികോം ഉപകരണങ്ങള്‍ മുതല്‍ നെറ്റ് വര്‍ക്ക് സൊല്യൂഷനുകള്‍ വരെ ലോകമെമ്പാടും വിപുലമായ സേവനങ്ങള്‍ നല്‍കുന്നത് തുടരുകയാണ്.