നിങ്ങളുടെ വാട്‌സ്ആപ്പ് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടോ? അറിയാം
ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ മെസേജിംഗ് അപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. സ്വകാര്യ ചാറ്റുകള്‍, കോളുകള്‍, പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ എന്നിവയിലൂടെ മികച്ച ഉപയോക്തൃ അനുഭവം ലക്ഷ്യമിട്ട് വിവിധങ്ങളായ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള ആപ്പ് ആയതുകൊണ്ട് തന്നെ വാട്‌സ്ആപ്പില്‍ വളരെയധികം അപകടസാധ്യതകളും നിറഞ്ഞിരിക്കുന്നു. ഏതൊരു വാട്‌സ്ആപ്പ് അക്കൗണ്ടിലേക്കും അനധികൃതമായി പ്രവേശിക്കാനുള്ള വഴികള്‍ തേടുന്നവരും ഇപ്പോള്‍ കുറവല്ല. ഇതിനായി പല വഴികളും സ്വീകരിക്കുന്നുണ്ട്.
മെറ്റാ (വാട്ട്സ്ആപ്പിന്റെ മാതൃ കമ്പനി) സന്ദേശങ്ങള്‍ക്കും കോളുകള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉറപ്പാക്കുന്നുണ്ടെങ്കിലും, ഹാക്കര്‍മാര്‍ക്ക് അല്ലെങ്കില്‍ അനധികൃത ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ ലോഗിന്‍ വിശദാംശങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോഴും നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ കഴിയും. എന്നാല്‍ അനധികൃതമായി ആക്‌സസ് ചെയ്തിട്ടുണ്ടെങ്കില്‍ ഇത് കണ്ടെത്താന്‍ വഴിയുണ്ട്.
മറ്റാരെങ്കിലും നിങ്ങളുടെ വാട്ട്സ്ആപ്പ് ആക്സസ് ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താന്‍, നിങ്ങള്‍ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. നിങ്ങളുടെ അക്കൗണ്ട് സജീവമായിരിക്കുന്ന എല്ലാ ഉപകരണങ്ങളും കാണാന്‍ നിങ്ങളെ പ്രാപ്തമാക്കുന്ന ഒരു ഇന്‍ബില്‍റ്റ് ലിങ്ക്ഡ് ഡിവൈസസ് സവിശേഷത വാട്ട്സ്ആപ്പിലുണ്ട്. പരിചയമില്ലാത്ത ഒരു ഉപകരണം നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, താഴെ പറയുന്ന സ്റ്റെപ്പുകളിലൂടെ നിങ്ങള്‍ക്ക് അത് ഉടനടി നീക്കം ചെയ്യാന്‍ കഴിയും.
1. സ്മാര്‍ട്ട്‌ഫോണില്‍ വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യുക 2. ഏറ്റവും മുകളില്‍ വലതുവശത്ത് കാണുന്ന മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്യുക 3. ഇതില്‍ നിന്ന് ലിങ്ക്ഡ് ഡിവൈസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക 4. നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണങ്ങള്‍ ദൃശ്യമാവും 5. ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് , എന്നിങ്ങനെ കാണാം 6. അപരിചിതമായവ ആണെങ്കില്‍ ടാപ്പ് ചെയ്ത് ലിസ്റ്റില്‍ നിന്ന് റിമൂവ് ചെയ്യാം.