രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് മുതിര്‍ന്ന ഇന്ത്യന്‍ താരം; നിരസിച്ച് ബിസിസിഐ
ശുഭ് മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെ ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരാനാണ് ബിസിസിഐയുടെ ആലോചന.;
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) നിര്‍ണായക ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍, അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. അതിനിടെ ജൂണില്‍ ആരംഭിക്കാന്‍ പോകുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ക്യാപ്റ്റനെ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ബിസിസിഐ.
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി തുടരാനുള്ള ആഗ്രഹം രോഹിത് ശര്‍മ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ക്യാപ്റ്റനായി അദ്ദേഹം തുടരണോ എന്ന കാര്യത്തില്‍ ബിസിസിഐയോ സെലക്ടര്‍മാരോ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. രോഹിത് ശര്‍മ വിരമിക്കാന്‍ പോകുകയാണെന്ന വാര്‍ത്ത കഴിഞ്ഞ കുറേ നാളുകളായി പുറത്തുവരുന്നുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം 38 കാരനായ രോഹിത് എടുത്തിട്ടില്ല. എന്നിരുന്നാലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര രോഹിതിന്റെ അവസാനത്തേതായിരിക്കുമെന്ന് പലരും കരുതുന്നുമുണ്ട്.
പരിക്കും ജോലിഭാരവും കണക്കിലെടുത്ത് ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കില്ലെന്നാണ് സൂചന. ബുമ്ര അഞ്ച് ടെസ്റ്റുകളിലും കളിക്കാനുള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ശുഭ് മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെ ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരാനാണ് ബിസിസിഐയുടെ ആലോചന.
നിലവിലെ സാഹചര്യത്തില്‍ ശുഭ് മാന്‍ ഗില്ലിന്റെയും റിഷഭ് പന്തിന്റെയും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയും തലവേദനയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നായകനെ കണ്ടെത്തുന്നതുവരെ ഇടക്കാല ക്യാപ്റ്റനാവാമെന്ന നിര്‍ദേശം സീനിയര്‍ താരം മുന്നോട്ടുവെച്ചത്.
എന്നാല്‍ കോച്ച് ഗൗതം ഗംഭീറിന് താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന രീതിയോട് താല്‍പര്യമില്ലെന്നും അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് സ്ഥിരം നായകനെ തന്നെ കണ്ടെത്തണമെന്നുമുള്ള നിലപാടാണെന്നുമാണ് അറിയുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രോഹിത് തുടരുകയാണെങ്കില്‍ ശുഭ് മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കാനാണ് സാധ്യത. നിലവില്‍ ഏകദിനത്തിലും ടി20യിലും ഗില്‍ വൈസ് ക്യാപ്റ്റനാണ്. ചേതേശ്വര്‍ പൂജാരയുടെ ഒഴിവിലേക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മൂന്നാം സ്ഥാനത്ത് നിലയുറപ്പിക്കാന്‍ ഗില്ലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ബാറ്റിംഗിലെ മികവ് തെളിയിക്കുന്നതില്‍ അദ്ദേഹം സ്ഥിരത കൈവരിച്ചിട്ടില്ല.
ഗില്‍ തന്റെ കരിയറില്‍ നേടിയ 1893 ടെസ്റ്റ് റണ്‍സില്‍ 649 റണ്‍സ് മാത്രമാണ് സ്വന്തം മണ്ണില്‍ നിന്നും നേടിയിട്ടുള്ളൂ. അതിനാല്‍, ഇംഗ്ലണ്ട് പര്യടനം ഇന്ത്യന്‍ ബാറ്റ് സ്മാന്‍മാര്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,
ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളില്‍ തോറ്റതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യന്‍ ടീമിന് ഏറെ നിര്‍ണായകമാണ്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ വിജയങ്ങള്‍ക്ക് കൂടുതല്‍ പോയന്റ് ലഭിക്കുമെന്നതിനാല്‍ ഇന്ത്യക്ക് അഞ്ച് മത്സര പരമ്പരയില്‍ മികവ് കാട്ടേണ്ടത് അനിവാര്യമാണ്.