മിനി ഫയര്‍ സ്റ്റേഷന്‍ വരുമോ? കിഴക്കന്‍ മലയോരം കാത്തിരിക്കുന്നു

Update: 2025-12-24 09:12 GMT

ബദിയടുക്ക: വേനല്‍കാലത്ത് തീപിടിത്തങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ നടക്കുമ്പോള്‍ പ്രതിരോധ മാര്‍ഗമില്ലാതെ നെട്ടോട്ടം ഓടുകയാണ് കിഴക്കന്‍ മലയോര മേഖല. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും വനംവകുപ്പിന്റെയും തോട്ടങ്ങള്‍ ഏറെയുള്ള ബെള്ളൂര്‍, ദേലംപാടി, എന്‍മകജെ, കാറഡുക്ക, മുളിയാര്‍ പഞ്ചയത്തുകളിലും സംസ്ഥാന, ഗ്രാമീണ റോഡരികിലും തീപിടിത്തമുള്‍പ്പെടെ ദുരന്തങ്ങളുണ്ടാകുമ്പോള്‍ മണിക്കൂറുകളോളം കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ട ഗതികേടാണ് നാട്ടുകാര്‍ക്ക്. വേനല്‍കാലമായല്‍ ഈ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ തീപിടിത്തം പതിവാണ്. മഴകാലത്തും മറ്റും ഉണ്ടാകുന്ന ദുരന്തങ്ങള്‍ വേറെയും. 30-40 കിലോമീറ്റര്‍ അകലെയുള്ള കാസര്‍കോട് നിന്നോ കുറ്റിക്കോലില്‍ നിന്നോ വേണം ഈ പ്രദേശങ്ങളിലെക്ക് അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റുകളെത്താന്‍. ദൂരം കൂടുന്നതനുസരിച്ച് ദുരന്തത്തിന്റെ വ്യാപ്തിയും വര്‍ധിക്കാന്‍ ഇത് കാരണമാകുന്നു. രക്ഷാപ്രവര്‍ത്തനം ആവശ്യമുള്ള സ്ഥലത്ത് ഗോള്‍ഡന്‍ അവറില്‍ എത്തിച്ചേരാന്‍ കഴിയുക എന്നിടത്താണ് ദൗത്യ സംഘത്തിന്റെ വിജയം. എന്നാല്‍ ദൂരക്കൂടുതല്‍ കാരണം ഈ പ്രദേശങ്ങളിലേക്ക് യഥാസമയം ഓടിയെത്തി രക്ഷാദൗത്യം നടത്താന്‍ കഴിയുന്നില്ലെന്നാണ് സേനാ അംഗങ്ങള്‍ പറയുന്നത്. ഇത് പലപ്പോഴും നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമാകുന്നു. ഈ ദുരാവസ്ഥ ഒഴിവാക്കാന്‍ ബദിയടുക്കയിലോ, കാറഡുക്ക പഞ്ചായത്തിലെ മുള്ളേരിയയിലോ മുളിയാറിലെ ബോവിക്കാനത്തോ ആസ്ഥാനമായി മിനി ഫയര്‍‌സ്റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ദുരന്തങ്ങളുണ്ടാകുമ്പോള്‍ മലയോര മേഖല കേന്ദ്രീകരിച്ച് ഫയര്‍‌സ്റ്റേഷന്‍ വേണമെന്ന ആവശ്യമുയരുന്നതിലപ്പുറം ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലുകളോ മറ്റു നടപടികളോ ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

Similar News