മൊഗ്രാല്‍ പുഴയിലെ ജലാശയത്തിലും കടലോരത്തും വ്യാപകമായി മാലിന്യം തള്ളുന്നു
മൊഗ്രാല്‍ പുഴയോരത്ത് ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞ മാലിന്യക്കൂമ്പാരം
മൊഗ്രാല്‍: മൊഗ്രാല്‍ പുഴയിലെ ജലാശയത്തിലും, കടലോരത്തും മാലിന്യം തള്ളുന്നത് പതിവായി. മസ്തിഷ്‌ക ജ്വരം ജലാശയത്തിലൂടെയാണ് പടരുന്നതെന്ന് ആരോഗ്യ വകുപ്പ് നിരന്തരം ഉണര്‍ത്തുമ്പോഴും ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പുഴയോര-കടലോരവാസികളില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നു. പുഴയോര ജലാശയത്തിലേക്കും, കടല്‍ തീരത്തേക്കും മാലിന്യം വലിച്ചെറിയുന്നത് പതിവാണ്.
വീടുകളില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വീട്ടുടമകള്‍ക്ക് കെട്ടിട നികുതിയില്‍ നിന്ന് 5 ശതമാനം ഇളവു അനുവദിക്കാന്‍ പോലും തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ക്ക് ഈയിടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. എന്നിട്ടും ചിലര്‍ ഈ വലിച്ചെറിയല്‍ സംസ്‌കാരം തുടരുന്നു.
ജില്ലയില്‍ പലഭാഗത്തും ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് പതിവാണ്. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് മാലിന്യം റോഡരികിലും തള്ളുന്നവരുണ്ട്. ഗ്രാമീണ റോഡരികിലൊക്കെ ഇത് കാണാനും കഴിയും. വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപം മാലിന്യം തള്ളുന്നത് ഈയിടെ അധികൃതര്‍ കണ്ടെത്തിയിരുന്നു. ബദിയടുക്കയിലും കുമ്പള ഷിറിയയിലും കഴിഞ്ഞ ദിവസമാണ് അശാസ്ത്രീയമായ മാലിന്യനിക്ഷേപവും, വലിച്ചെറിയലും കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ഈടാക്കിയത്. 5,000 മുതല്‍ 25,000 രൂപ വരെയാണ് ഇത്തരത്തില്‍ പിഴ ചുമത്തുന്നത്. പല സ്ഥലങ്ങളിലും സി.സി.ടി.വിയുടെ അഭാവം മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ തടസ്സമാവുന്നുമുണ്ട്.
മൊഗ്രാല്‍ പുഴയോരത്തും കടലോരത്തും കഴിഞ്ഞയാഴ്ച എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.
പൊതുയിടങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് പിഴയോടൊപ്പം ശിക്ഷാനടപടികള്‍ കൂടി സ്വീകരിക്കണമെന്നാണ് പുഴയോര-കടലോര പ്രദേശവാസികളുടെ ആവശ്യം.