ദേശീയപാതാ ആദ്യ റീച്ചില്‍ നാല് കിലോമീറ്ററില്‍ തെരുവ് വിളക്കുകളില്ല; യാത്രക്കാര്‍ക്ക് ദുരിതമാവും

By :  Sub Editor
Update: 2025-07-23 10:10 GMT

കാസര്‍കോട്: നിര്‍മ്മാണ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി ഉദ്ഘാടനത്തിന് സജ്ജമായ ദേശീയപാതയിലെ ആദ്യറീച്ചായ തലപ്പാടി-ചെങ്കള റീച്ചില്‍ നാല് കിലോമീറ്ററോളം പരിധിയില്‍ തെരുവ് വിളക്കുകളില്ല. ഇത് യാത്രക്കാര്‍ക്ക് ദുരിതമായി മാറും. അതോടൊപ്പം ദേശീയപാതയുടെ ശോഭ കെടുത്തുമെന്നും ആക്ഷേപം. ഷിറിയ മുതല്‍ ആരിക്കാടി വരെയും കല്ലങ്കൈ മുതല്‍ സി.പി.സി.ആര്‍.ഐ വരെയുമാണ് രണ്ട് കിലോ മീറ്റര്‍ വീതം തെരുവ് വിളക്ക് സ്ഥാപിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുടെ ടെണ്ടറില്‍ ഇവിടെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നത്. അതേസമയം വിളക്കുകള്‍ സ്ഥാപിക്കാത്തതിനെതിരെ എം.എല്‍.എ അടക്കമുള്ളവര്‍ നല്‍കിയ നിവേദനം അടക്കം ദേശീയപാതാ അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുള്ളതായും അനുമതി കിട്ടിയാല്‍ ഈ ഭാഗങ്ങളില്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയുണ്ടാവുമെന്നും കരാര്‍ കമ്പനി അധികൃതര്‍ പറയുന്നു. സോളാര്‍ ക്യാമറകളും സ്ഥലനാമ ബോര്‍ഡുകളും അടക്കമുള്ളവയുടെ സ്ഥാപിക്കല്‍ പൂര്‍ത്തിയായ ദേശീയപാത രാത്രിയില്‍ മനോഹരകാഴ്ചയാണ് വിളിച്ചോതുന്നത്. എന്നാല്‍ രണ്ടിടങ്ങളിലായി രണ്ട് കിലോ മീറ്ററോളം വിളക്കുകള്‍ സ്ഥാപിക്കാത്തത് ഇതിന്റെ ശോഭ കെടുത്തുകയാണ്. ചൗക്കി ടൗണ്‍ അടക്കമുള്ള ഇടങ്ങളിലാണ് വിളക്ക് സ്ഥാപിച്ചിട്ടില്ലാത്തത്. നേരത്തെ കല്ലങ്കൈയില്‍ സ്ഥാപിച്ച തെരുവ് വിളക്ക് അഴിച്ചുമാറ്റാനുള്ള ശ്രമം ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ തടഞ്ഞിരുന്നു.

Similar News