മൊഗ്രാല്‍ ടൗണില്‍ റോഡരികില്‍ നടപ്പാതയില്ല: വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്നത് റോഡിലൂടെ
മൊഗ്രാല്‍ ടൗണില്‍ നടപ്പാത സൗകര്യം ഇല്ലാത്തതിനാല്‍ റോഡിലൂടെ നടന്നുപോകുന്നവര്‍
മൊഗ്രാല്‍: ദേശീയപാത സര്‍വീസ് റോഡരികില്‍ നടപ്പാത നിര്‍മ്മിക്കാത്തത് സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമാകുന്നു. മൊഗ്രാല്‍ ടൗണിലാണ് ഇതുവരെയായി നടപ്പാത സൗകര്യം ഒരുക്കാതെ നിര്‍മ്മാണ കമ്പനി അധികൃതര്‍ വിദ്യാര്‍ത്ഥികളെയും കാല്‍നടയാത്രക്കാരെയും ദുരിതത്തിലാക്കുന്നത്. അതിനിടെ സര്‍വീസ് റോഡിനരികില്‍ നിരവധി സ്വകാര്യ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നുണ്ട്. കാല്‍നടയാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് അതുകൊണ്ടുതന്നെ നടപ്പാതയില്ലാത്തതുമൂലം റോഡിലൂടെ തന്നെ വേണം നടന്നുപോകാന്‍. ടൗണ്‍ ഏരിയ ആയതുകൊണ്ടും അടിപ്പാത സൗകര്യം ഉള്ളതിനാലും സര്‍വീസ് റോഡില്‍ ഇരുഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ ചീറിപ്പാഞ്ഞുവരുന്നത് കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയും ഉണ്ടാക്കുന്നുണ്ട്. സര്‍വീസ് റോഡിലെ സ്ലാബിന് മുകളിലാണ് ഇരുചക്ര വാഹനങ്ങളും കാറുകളുമടക്കം സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. സമീപത്തുള്ള ആരാധനാലയങ്ങളിലേക്കും ഹോട്ടലുകളിലേക്കും കടകളിലേക്കും ബാങ്കിലേക്കും ക്ലിനിക്കിലേക്കുമായി എത്തുന്നവരാണ് മറ്റ് പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ സര്‍വീസ് റോഡിനരികില്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതിനിടയിലൂടെ വേണം കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍. ഇത് പ്രയാസമുണ്ടാക്കുന്നുണ്ട്.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ നടപ്പാത സംവിധാനം ഒരുക്കണമെന്ന് സന്നദ്ധ സംഘടനകളും നാട്ടുകാരും യു.എല്‍.സി.സി. അധികൃതരോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പരാതി കേള്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.