ടാങ്ക് നിറഞ്ഞു; പുതിയ കോട്ടയിലെ ശൗചാലയം വീണ്ടും അടച്ചിട്ടു
കാഞ്ഞങ്ങാട്: പുതിയകോട്ടയിയിലെ ശൗചാലയം വീണ്ടും അടച്ചിട്ടു. ടാങ്ക് നിറഞ്ഞു കവിഞ്ഞതിനാല്‍ മലിനജലം റോഡിലേക്കൊഴുകാന്‍ തുടങ്ങിയതോടെയാണിത്. ഇതോടെ നഗരത്തിലെത്തുന്ന നൂറുകണക്കിനാളുകള്‍ ദുരിതത്തിലായി. സമീപത്തെ ഹാന്‍ടെക്‌സ് കെട്ടിടം, ഓട്ടോ സ്റ്റാന്റ് എന്നിവിടങ്ങളിലേക്കാണ് മലിനജലം ഒഴുകിയെത്തുന്നത്. പ്രദേശത്ത് ദുര്‍ഗന്ധം വ്യാപിച്ചതോടെയാണ് അടച്ചിട്ടത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പും ശൗചാലയം അടച്ചിട്ടിരുന്നു. അന്നും മലിനജലം റോഡിലേക്കൊഴുകിയിരുന്നു. കാലവര്‍ഷാരംഭത്തില്‍ ശൗചാലയം അറ്റകുറ്റ പണിക്കായി അടച്ചിട്ടിരുന്നു. പിന്നീട് തുറന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ടാങ്ക് നിറഞ്ഞു കവിയുകയായിരുന്നു. വേനല്‍ക്കാലത്ത് അറ്റകുറ്റപ്പണി നടത്താതെ മഴക്കാലത്തേക്ക് മാറ്റിവച്ചതാണ് ടാങ്ക് നിറഞ്ഞു കവിയാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ വലിയ ടാങ്ക് സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ശൗചാലയം അടച്ചിട്ടതോടെ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
പുതിയകോട്ടയിലെ ശൗചാലയത്തില്‍ നിന്ന് റോഡിലേക്ക് ഒഴുകിയെത്തിയ മലിനജലം