SERVICE ROAD | കുമ്പളയില്‍ ദേശീയപാതയുടെ അവശേഷിക്കുന്ന പ്രവൃത്തിയും ആരംഭിച്ചു: സിഗ്‌നല്‍ സംവിധാനമോ മെര്‍ജിംഗ് പോയിന്റോ ഒരുക്കുമെന്ന് പ്രതീക്ഷ

By :  Sub Editor
Update: 2025-04-04 10:30 GMT

കുമ്പള: കുമ്പള ടൗണിന് സമീപത്ത് കൂടിയുള്ള സര്‍വീസ് റോഡിന്റെ അവശേഷിക്കുന്ന പ്രവൃത്തികളും ആരംഭിച്ചതോടെ ദേശീയപാതയില്‍ നിന്ന് കുമ്പള ടൗണിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകള്‍ ആരായുകയാണ് ദേശീയപാത അതോറിറ്റി. വലിയ തോതിലുള്ള സമ്മര്‍ദ്ദമാണ് ഇതിന് വേണ്ടി നടക്കുന്നത്. ടൗണിലെ വ്യാപാരികളുടെയും നാട്ടുകാരുടെയും ആശങ്ക ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

ദേശീയപാത വികസനത്തില്‍ കുമ്പള ടൗണിന്റെ വാതില്‍ അടക്കരുതെന്ന് കാണിച്ച് കുമ്പള പൗരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും ഒപ്പുകള്‍ ശേഖരിച്ച് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വനിക്ക് നിവേദനം നല്‍കുകയും തുടര്‍ന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. സന്നദ്ധ സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

കുമ്പള പരിസരത്തുള്ള വാണിജ്യ-വ്യവസായ കേന്ദ്രങ്ങളിലേക്ക് കുമ്പള ടൗണ്‍ വഴി ചരക്ക് വണ്ടികള്‍ക്ക് പോവാന്‍ വീതി കുറഞ്ഞ സര്‍വീസ് റോഡിലൂടെ കഴിയില്ലെന്നും ഇത് ടൗണില്‍ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പല സംഘടനകളും ജനപ്രതിനിധികളും ബന്ധപ്പെട്ട അധികൃതരെ സമീപിച്ചത്.

ആലപ്പുഴ മാതൃകയില്‍ 'സിഗ്‌നല്‍' സംവിധാനം ഒരുക്കി കുമ്പള ടൗണിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള സംവിധാനം വേണമെന്നാണ് പലരും ആവശ്യം ഉന്നയിക്കുന്നത്. തലപ്പാടി-ചെങ്കള റീച്ചില്‍ പലേടത്തും മെര്‍ജിംഗ് പോയിന്റും ഒരുക്കുന്നുണ്ട്.

മെര്‍ജിംഗ് പോയിന്റ് അനുവദിച്ചാലും കുമ്പള ടൗണില്‍ നേരിയ ആശ്വാസമാവുമെന്ന് കരുതുന്നവരുമുണ്ട്. സമ്മര്‍ദ്ദം ശക്തമായതോടെ നാട്ടുകാരുടെയും വ്യാപാരികളുടെയും ആശങ്കയകറ്റാന്‍ ദേശീയപാത അതോറിറ്റിയും കേന്ദ്ര ഗതാഗത വകുപ്പും തയ്യാറായേക്കുമെന്നാണ് സൂചന.

കുമ്പള ടൗണിനടുത്ത് അവശേഷിക്കുന്ന സര്‍വീസ് റോഡിന്റെ ജോലി പുന:രാരംഭിച്ചപ്പോള്‍

Similar News