മൊഗ്രാലിലെ ചവിട്ടുവല മത്സ്യത്തൊഴിലാളികള്‍ ഇന്ന് ലഭിച്ച മീനുകള്‍ വേര്‍തിരിക്കുന്നു
മൊഗ്രാല്‍: കടല്‍ക്ഷോഭത്തിന് നേരിയ ശമനമായതോടെ മൊഗ്രാലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വലയെറിഞ്ഞു. ആദ്യദിനത്തില്‍ തന്നെ വല നിറച്ചും മീന്‍ ലഭിച്ചത് സന്തോഷം പകര്‍ന്നെങ്കിലും വിലയില്ലാത്തത് തൊഴിലാളികളെ നിരാശരാക്കി. മൊഗ്രാലിലെ പരമ്പരാഗത മത്സ്യബന്ധനമാണ് ചവിട്ടുവല. ഒരുകാലത്ത് മൊഗ്രാലിന്റെ സാമ്പത്തിക സ്രോതസായിരുന്നു ഈ തൊഴില്‍ മേഖല. ആയിരക്കണക്കിനാളുകള്‍ ജോലി ചെയ്തിരുന്ന ഈ തൊഴില്‍ മേഖലയില്‍ ഇന്ന് നൂറിന് താഴെ ആള്‍ക്കാരാണ് ഉള്ളത്. റംപ്പണി എന്ന് വിശേഷിപ്പിക്കുന്ന ചവിട്ടുവല മത്സ്യബന്ധനത്തില്‍ 6 ഗ്രൂപ്പുകളിലായിട്ടാണ് രണ്ടു പതിറ്റാണ്ട് മുമ്പ് വരെ ആയിരക്കണക്കിനാളുകള്‍ തൊഴില്‍ ചെയ്തിരുന്നത്. തോണിയില്‍ 100 മുതല്‍ 300 മീറ്റര്‍ ദൂരത്തില്‍ കടലില്‍ വലയിട്ട് കരയില്‍ നിന്ന് വലിച്ചെടുക്കുന്നതാണ് ചവിട്ടുവല മത്സ്യബന്ധനം. ഇത് മൊഗ്രാലിന് പുറമെ പള്ളിക്കരയിലുമുണ്ട്. വരും ദിവസങ്ങളില്‍ ചെമ്മീന്‍ ചാകരയും മറ്റു മീനുകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍.