മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളിലെ പഴയ കെട്ടിടത്തില്‍ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കുന്നു
അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ അകം
കാസര്‍കോട്: ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂരിലെ രണ്ട് കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പി.ടി.എ അധികൃതര്‍ വിദ്യാഭ്യാസ മന്ത്രി, കലക്ടര്‍, ഡി.ഡി.ഇ, എം.എല്‍.എ അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി. 1968ല്‍ നിര്‍മ്മിച്ച ഓട് പാകിയ കെട്ടിടത്തില്‍ എല്‍.പി വിഭാഗത്തിന്റെ എട്ടോളം ക്ലാസുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഈ കെട്ടിടം ചോര്‍ന്നൊലിക്കുന്നത് പതിവായതോടെ പി.ടി.എയുടെ നേതൃത്വത്തില്‍ പലതവണ ഓടുകള്‍ മാറ്റിയിരുന്നു. എന്നാല്‍ കെട്ടിടം അപകടാവസ്ഥയിലായത് കാരണം വിദ്യാര്‍ത്ഥികള്‍ ഭീതിയിലും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലുമാണ്. അപകടസാഹചര്യം മുന്നില്‍ കണ്ട് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തില്‍ പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 1994ല്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടവും സുരക്ഷാ ഭീഷണി നേരിടുന്നതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പള്‍ ലതിക, ഹെഡ്മിസ്ത്രസ് സി.ടി ബീന, പി.ടി.എ-എസ്.എം.സി ഭാരവാഹികളായ മെഹ്‌റു കടവത്ത്, മഹ്മൂദ് ബെള്ളൂര്‍, ഖാദര്‍ കടവത്ത് എന്നിവര്‍ സംബന്ധിച്ചു.