ഇനിയും പരിഹാരമാവാതെ തെരുവുനായ ശല്യം; എ.ബി.സി കേന്ദ്രങ്ങളുടെ പണിയും കൂടുകളുടെ നിര്‍മ്മാണവും അവസാന ഘട്ടത്തിലെന്ന് അധികൃതര്‍
അലഞ്ഞു തിരിയുന്ന തെരുവ് നായകള്‍
കാസര്‍കോട്: പൊതുസ്ഥലങ്ങളില്‍ വര്‍ധിച്ചുവരുന്ന തെരുവ് നായ്ക്കൂട്ടങ്ങളുടെ ശല്യവും ആക്രമണവും തടയാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നതായി മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്) പി. പ്രസാദ് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികളെ രേഖാമൂലം അറിയിച്ചു. മൊഗ്രാല്‍ ദേശീയവേദി 2024 ഡിസംബര്‍ 30ന് താലൂക്ക് തല അദാലത്തില്‍ നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വിവരം രേഖാമൂലം ദേശീയവേദി ഭാരവാഹികളെ അറിയിച്ചത്.
പൊതുസ്ഥലങ്ങളിലെ തെരുവ് നായ്ക്കളുടെ ഭീഷണി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച എ.ബി.സി കേന്ദ്രത്തിനായുള്ള കെട്ടിടം പണി പൂര്‍ത്തിയായിട്ടുണ്ട്. കൂടുകളുടെ നിര്‍മ്മാണത്തിന്റെ അവസാനഘട്ടം പുരോഗമിച്ച് വരുന്നുണ്ടെന്നും പ്രവര്‍ത്തനം ഉടന്‍ തുടങ്ങാനാവുമെന്നും കത്തില്‍ പറയുന്നു. അതിനിടെ ജില്ലയില്‍ തെരുവുനായ ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ജില്ലയിലെ പ്രധാന ടൗണുകള്‍ അടക്കം തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാവുന്നു. ടൗണുകളിലെത്തുന്ന കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും നായകള്‍ ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല. കുട്ടികളാണ് നായ്ക്കൂട്ടങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. ഇവ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നതായുള്ള പരാതികളും ഏറെയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കഴിഞ്ഞമാസം ടൗണുകളില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തിയെങ്കിലും എല്ലാ നായ്ക്കളെയും പിടിച്ചു കെട്ടാന്‍ ജോലിക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. തെരുവ് നായ്ക്കള്‍ പെറ്റുപെരുകുന്നത് തടയാനാണ് വന്ധ്യംകരണം നടത്തുന്നത്. ഇത് തെരുവ് നായ്ക്കളുടെ ശല്യം തടയാനുള്ള പരിഹാരമാര്‍ഗവുമല്ല. ടൗണുകളില്‍ കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കള്‍ തലങ്ങും വിലങ്ങും ഓടുന്നതിനാല്‍ ഇരുചക്രവാഹനക്കാരും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.