കുമ്പളയില്‍ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്നു; വിദ്യാര്‍ത്ഥികളടക്കം അപകടഭീഷണിയില്‍

By :  Sub Editor
Update: 2025-06-24 09:10 GMT

കുമ്പള: കുമ്പളയില്‍ രണ്ടിടത്തായി മൂന്ന് ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്നു. ഇത് വിദ്യാര്‍ത്ഥികളടക്കം കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നു. കുമ്പള-ബദിയടുക്ക റോഡില്‍ എ.ഐ.ക്യാമറക്ക് മുന്നില്‍ രണ്ട് ഓവുചാലുകളുടെ സ്ലാബുകളും കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ അടിപ്പാതക്കടുത്തായി സര്‍വീസ് റോഡിലെ ഒരു സ്ലാബുമാണ് തകര്‍ന്നിരിക്കുന്നത്. കുമ്പള-ബദിയടുക്ക റോഡിലെ സ്ലാബ് മാസങ്ങള്‍ക്ക് മുമ്പ് ലോറി പിറകോട്ടെടുക്കുമ്പോള്‍ തകര്‍ന്നിരുന്നു. നാല് ദിവസം മുമ്പ് ഇതിനടുത്തായി മറ്റൊരു ലോറി പിറകോട്ടെടുക്കുമ്പോഴാണ് മറ്റൊരു സ്ലാബ് കൂടി തകര്‍ന്നത്. ഈ രണ്ട് സ്ലാബുകള്‍ക്ക് ചുറ്റിലും അധികൃതര്‍ അപകട സൂചനയായി നാട വലിച്ചു കെട്ടിയിട്ടുണ്ട്. ഇതിന് സമീപത്തായി രണ്ട് സ്‌കൂളുകളുണ്ട്. സ്‌കൂള്‍ വിടുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ഓടുന്നതിനിടെ ഓവുചാലില്‍ വീണ് അപകടം സംഭവിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി കാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ സ്ലാബുകളുടെ മുകളില്‍ നടക്കുന്നത് പതിവാണ്. ഒരു വര്‍ഷം മുമ്പ് കുമ്പള-മുള്ളേരിയ റോഡിന്റെ വീതി കൂട്ടുമ്പോഴാണ് സ്ലാബ് പുതുതായി നിര്‍മ്മിച്ചത്. ശരിയായ രീതിയില്‍ കമ്പിയും സിമന്റും ഉപയോഗിക്കാത്തതാണ് സ്ലാബ് തകരാന്‍ കാരണമെന്ന് സംശയിക്കുന്നു. കുമ്പള അടിപ്പാതയുടെ സമീപത്ത് സര്‍വീസ് റോഡില്‍ ഓവുചാല്‍ സ്ലാബിന്റെ കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. സ്ലാബ് ഇളകിയത് കാരണം വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വലിയ ശബ്ദം കേള്‍ക്കുകയും വാഹനങ്ങളുടെ ടയറുകള്‍ കയറിയിറങ്ങുമ്പോള്‍ സ്ലാബ് ഇളകി മുകളിലേക്ക് പൊങ്ങുകയും ചെയ്യുന്നു. നിരവധി ആളുകള്‍ ഈ സ്ലാബിന് മുകളില്‍ കൂടി നടന്നുപോകുന്നുണ്ട്.

Similar News