തോരാത്ത മഴയില്‍ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നു

തടയണകളില്‍ മാലിന്യക്കൂമ്പാരം;

By :  Sub Editor
Update: 2025-07-18 08:31 GMT

മഴവെള്ളത്തില്‍ ഒലിച്ചെത്തി പെരഡാല വരദായിനി പുഴയിലെ തടയണയില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍

ബദിയടുക്ക: നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പുഴകളും തോടുകളും കവിഞ്ഞൊഴുകുന്നു. ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ തടയണകളില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പലയിടങ്ങളിലും വെള്ളം ഒഴുകി പോകുന്നതിന് തടസ്സമാവുന്നു. വെള്ളം ഒഴുകുന്ന ഓടകളില്‍ മാലിന്യം കുമിഞ്ഞുകൂടുകയാണ്. പുഴകളിലും ചാലുകളിലൂം വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മരത്തടികള്‍ പാലത്തിന്റെയും കല്ലുങ്കുക്കള്‍ക്കിടയില്‍ കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് വെള്ളം ഒലിച്ച് പോകാന്‍ മറ്റു സംവിധാനമല്ലാത്തതിനാല്‍ തോടുകളില്‍ നിന്ന് വെള്ളം റോഡുകളിലേക്കും മറ്റും ഒഴുകുകയാണ്. കുത്തിയൊലിക്കുന്ന മഴവെള്ളപാച്ചിലില്‍ കുന്നിന്‍ ചെരിവുകളില്‍ കടപുഴകി വീഴുന്ന മരങ്ങളും ശിഖരങ്ങളും ഒഴുകിയെത്തി പുഴകള്‍ക്കും തോടിന് കുറുകെയുള്ള പാലത്തിലും കെട്ടികിടങ്ങുന്നത് കാരണം മഴവെള്ളം ഒഴുകിപോകുന്നില്ല. പുഴയോരത്ത് ഇത് മണ്ണിടിച്ചിലിനും കൃഷിനാശത്തിനും കാരണമാകുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കവുങ്ങുകളും തെങ്ങുകളും വ്യാപകമായി കടപുഴകി വീഴുന്നതോടെ കര്‍ഷകരും കണ്ണീരിലാണ്. തേങ്ങ വില കുതിച്ചുയരുന്നതോടെ പലരും ഒഴുകിയെത്തുന്ന തേങ്ങ വലയെറിഞ്ഞ് പിടിക്കുന്നതും തോടുകളിലും മറ്റും വടംകെട്ടി തേങ്ങ പിടിക്കുന്നവരുമുണ്ട്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ബദിയടുക്ക ബാഞ്ചത്തടുക്കയില്‍ തോട്ടില്‍ ഒഴുകിയെത്തിയ തേങ്ങ എടുക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് പുഴയിലും തോടുകളിലുമുള്ള മരത്തടികളും മറ്റു നീക്കം ചെയ്യത്തതാണ് ഇത്തരം മാലിന്യങ്ങള്‍ നിറരാന്‍ കാരണമാകുന്നതെന്നാണ് ആക്ഷേപം. പള്ളത്തടുക്ക, നേരപ്പാടി, പെരഡാല വരദായിനി തുടങ്ങിയ പുഴകളിലാണ് മാലിന്യക്കൂമ്പാരം നിറഞ്ഞിരിക്കുന്നത്. തേങ്ങയ്ക്ക് വില വര്‍ധിച്ചതോടെ കൂലിത്തൊഴിലാളികളില്‍ പലരും ജോലിക്ക് പോകാതെ മഴവെള്ള പാച്ചിലില്‍ ഒഴുകിയെത്തുന്ന തേങ്ങ വലയെറിഞ്ഞ് പിടിക്കുന്നതും പതിവാക്കിയിട്ടുണ്ട്. ദിവസവും നൂറിലേറെ തേങ്ങകള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നവരും ഉണ്ടത്രെ.


Similar News