പൊലീസ് പരിശോധന കടുപ്പിച്ചു, രണ്ട് ദിവസത്തിനിടെ പിടിച്ചത് ലക്ഷങ്ങളുടെ പാന്‍ ഉല്‍പ്പന്നങ്ങള്‍
ജില്ലയിലേക്ക് പാന്‍ ഉല്‍പ്പന്നങ്ങളുടെ കടത്ത് വ്യാപകം;
കാസര്‍കോട്: ജില്ലയിലേക്ക് പാന്‍ ഉല്‍പ്പന്നങ്ങളുടെ കടത്ത് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളിലായി പൊലീസ് നടത്തിയ പരിശോധനകളില്‍ വാടകവീടുകളില്‍ സൂക്ഷിച്ചതും വാഹനത്തില്‍ കടത്തുന്നതുമായ 1.94 ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 60 കിലോ പുകയിലപ്പൊടിയും 89,432 രൂപയും പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. മധൂര്‍ ഹിദായത്ത് നഗര്‍ ചെട്ടുംകുഴി വീട്ടില്‍ എ. റാഷിദ് (31) ഉളിയത്തടുക്ക നാഷണല്‍ നഗര്‍ പള്ളംവീട്ടില്‍ എച്ച്. മുഹമ്മദ് അഷ്‌റഫ് (32) എന്നിവരെയാണ് പൊലീസ് പിടിച്ചത്. കുമ്പള സി.ഐ പി.കെ ജിജേഷിന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ പാലത്തിനടുത്ത് കഴിഞ്ഞ ദിവസം രാത്രി പട്രോളിങ് നടത്തുന്നതിനിടെ 1,14,878 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 60 കിലോ പുകയിലപ്പൊടിയും പിടികൂടിയിരുന്നു. മധൂര്‍ ഹിദായത്ത് നഗര്‍ ചെട്ടുംകുഴി വീട്ടില്‍ എ. റാഷിദിനെയാണ് (31) ഇതുമായി ബന്ധപ്പെട്ട് കുമ്പള പൊലീസ് പിടിച്ചത്. പിന്നീട് നോട്ടീസ് നല്‍കി വിട്ടയച്ചു. വിദ്യാനഗര്‍ ചെട്ടുംകുഴി ഹിദായത്ത് നഗറിലെ ആള്‍ത്താമസമില്ലാത്ത വീടിന്റെ ഹാളില്‍ ചാക്കുകളില്‍ സൂക്ഷിച്ച 36,509 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് വനിത സ്റ്റേഷനിലെ എസ്.ഐ കെ. അജിതയുടെയും ഡാന്‍സാഫ് അംഗങ്ങളുടെയും നേതൃത്വത്തില്‍ പിടികൂടിയത്. സിവില്‍ പൊലീസ് ഓഫിസര്‍ കെ. ശ്രുതി, ഡ്രൈവര്‍ നാരായണ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കുമ്പളയിലെ കേസിലെ പ്രതി റാഷിദിന്റെ ഉടമസ്ഥതയിലുള്ള വാടകവീടാണിതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിദ്യാനഗര്‍ പൊലീസ് ചെട്ടുംകുഴിയിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് 43,358 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിദ്യാനഗര്‍ എസ്.ഐ പി.കെ അബ്ബാസിന്റെ നേതൃത്വത്തില്‍ പിടിച്ചത്. എ. റാഷിദ്, ഉളിയത്തടുക്ക നാഷണല്‍ നഗര്‍ പള്ളംവീട്ടില്‍ എച്ച്. മുഹമ്മദ് അഷ്‌റഫ് (32) എന്നിവര്‍ക്കെതിരെ കേസെടുത്തു. പരിശോധന നടത്തി പൊലീസ് മടങ്ങുന്നതിനിടെയാണ് പ്രതികളായ റാഷിദും മുഹമ്മദ് അഷ്‌റഫും കാറിലെത്തിയത്. കാര്‍ പരിശോധിച്ചപ്പോള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ചെറുകിട വ്യാപാരികള്‍ക്ക് നല്‍കിയ വകയില്‍ ലഭിച്ച 89,432 രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു. റാഷിദാണ് കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയെന്ന് പൊലീസ് പറഞ്ഞു.
വിദ്യാനഗര്‍ എ.എസ്.ഐ കൊച്ചുറാണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ. നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണിക്കൃഷ്ണന്‍, കൃഷ്ണനുണ്ണി, കണ്‍ട്രോള്‍ റൂമിലെ എസ്.ഐ കെ. സുധീര്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കിരണ്‍ ബാബു, രൂപേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.