നിഷാദ് പാടി, പ്യാരേലാല്‍ കൈപിടിച്ച് കുലുക്കി

സംഗീത സാമ്രാട്ടിന് മുന്നില്‍ ചെലവഴിച്ച ആഹ്ലാദ നിമിഷങ്ങള്‍ പങ്കുവെച്ച് കാസര്‍കോട്ടെ ഗായകന്‍;

Update: 2025-07-29 10:26 GMT

നിഷാദ് കാസര്‍കോട് മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ പ്യാരേലാലിനും അദ്ദേഹത്തിന്റെ ഭാര്യ സുനിലക്കുമൊപ്പം

കാസര്‍കോട്: മുഹമ്മദ് റഫിയുടെയും കിഷോര്‍ കുമാറിന്റെയും ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കാസര്‍കോട്ടുകാരനായ ഗായകന്‍ നിഷാദ് അതിരറ്റ ആഹ്ലാദത്തില്‍ നീന്തിത്തുടിക്കുകയാണ്. അസാമാന്യമായ സംഗീത പ്രതിഭകൊണ്ട് എണ്ണമറ്റ ഹിന്ദി സിനിമാ ഗാനങ്ങളെ ഹിറ്റാക്കി മാറ്റിയ സംഗീത സംവിധായക ചക്രവര്‍ത്തിമാരായ ലക്ഷ്മീകാന്ത്-പ്യാരേലാല്‍ കൂട്ടുകെട്ടിലെ പ്യാരേലാലിനെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ ചെന്ന് നേരിട്ട് കാണുകയും തൊടുകയും പാടി കേള്‍പ്പിക്കുകയും ചെയ്തതിന്റെ സന്തോഷമാണത്.

പ്യാരേലാലിനെ കാണണമെന്നത് തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശിയും ഫോര്‍ട്ട് റോഡില്‍ താമസക്കാരനുമായ നിഷാദ് കാസര്‍കോടിന്റെ വലിയ ആഗ്രഹമായിരുന്നു. 1960കള്‍ മുതല്‍ 90കളുടെ അവസാനം വരെ 750ല്‍ പരം ഹിന്ദി സിനിമാ പാട്ടുകള്‍ക്ക് സംഗീത സംവിധാനം പകര്‍ന്ന് ഒരു കാലഘട്ടത്തിന്റെ തന്നെ ഇതിഹാസമായി മാറിയ ലക്ഷ്മീകാന്ത്-പ്യാരേലാല്‍ കൂട്ടുകെട്ടിലെ ലക്ഷ്മീകാന്ത് ഇന്ന് ജീവിച്ചിരിപ്പില്ല. പ്യാരേലാലിന് 80 വയസ്സ് പിന്നിട്ടു. അദ്ദേഹത്തെ നേരിട്ടൊന്നു കാണണമെന്നും അദ്ദേഹത്തിന് മുന്നില്‍ റഫി സാബിന്റെയും കിഷോര്‍ കുമാറിന്റെയും ഏതാനും പാട്ടുകള്‍ പാടടമെന്നും നിഷാദ് വര്‍ഷങ്ങളായി ആഗ്രഹിക്കുന്നു. അങ്ങനെയാണ് പ്യാരേലാലിന്റെ ഭാര്യ സുനിലാ പ്യാരിലാലിന്റെ നമ്പര്‍ സംഘടിപ്പിക്കുന്നത്. വാട്‌സാപ്പിലൂടെ ഏതാനും പാട്ടുകള്‍ പാടി അയച്ചുകൊടുത്തപ്പോള്‍ നല്ല പിന്തുണയും അഭിപ്രായവുമായിരുന്നു. പ്യാരേലാലിനെ ഒന്ന് നേരിട്ട് കാണണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ മുംബൈക്ക് വണ്ടി കയറാനായിരുന്നു നിര്‍ദ്ദേശം. ട്രെയിന്‍ ടിക്കറ്റ് സംഘടിപ്പിച്ച് പെട്ടന്ന് തന്നെ യാത്രക്കൊരുങ്ങി. മുംബൈയിലെത്തി വിളിച്ചപ്പോള്‍ ബാന്ദ്രയിലെ ദീപ് ബെല്ല ഫ്‌ളാറ്റില്‍ ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞ് എത്താന്‍ പറഞ്ഞു. അവിടെയെത്തുമ്പോഴേക്കും പ്യാരേലാല്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറോളം പ്യാരേലാലിനും ഭാര്യ സുനിലക്കുമൊപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ച് പറയുമ്പോള്‍ നിഷാദിന്റെ ഉള്ളില്‍ കുളിര് കോരിയിടുന്നുണ്ട്.

'എന്തൊരു എളിമയാണ്. ഹിന്ദി സിനിമയെ അടക്കി വാണ ചക്രവര്‍ത്തിയാണെന്ന ഒരു അഹങ്കാരവുമില്ല. കാസര്‍കോടിനെ കുറിച്ച് ചോദിച്ചു. കുടുംബത്തെ കുറിച്ച് ചോദിച്ചു. പാടാന്‍ പറഞ്ഞു. ഞാന്‍ പാടുമ്പോള്‍ അദ്ദേഹം കണ്ണടച്ചിരുന്ന് മൂളുന്നുണ്ടായിരുന്നു. പാടിക്കഴിഞ്ഞപ്പോഴേക്കും തോളില്‍ തട്ടി. നന്നായി പാടിയിട്ടുണ്ട് എന്ന് പറഞ്ഞ് അഭിനന്ദിച്ചതിനോടൊപ്പം ചില നിര്‍ദ്ദേശങ്ങളും തന്നു. സംഗീതം പഠിക്കണം, സംഗീതത്തെ തപസ്യയായി സ്വീകരിക്കണം, മ്യൂസിക്ക് ക്ലാസുകളില്‍ പോവണം...' - ആ വാക്കുകള്‍ അമൃതധാരയായി എന്റെ കാതുകളില്‍ പതിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുനിലയും ഏറെ നേരം സംസാരിച്ചു. കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ തൊട്ടയല്‍ സംസ്ഥാനമായ കര്‍ണാടകക്കാരിയായ സുനിലക്ക് പ്രത്യേക വാത്സല്യം.

സംഗീതത്തിന്റെ ആ മഹാപ്രവാഹത്തിന്റെ മുന്നില്‍ നിന്നിറങ്ങുമ്പോള്‍ കൈകുലുക്കി പിടിച്ച് അദ്ദേഹം പറഞ്ഞത്; ഇനിയു ബന്ധപ്പെടുക, വീട്ടിലെത്തിയ ഉടനെ വിളിക്കുക എന്നായിരുന്നു. നാട്ടിലെത്തി വിവരം പറയാന്‍ വിളിച്ചപ്പോഴേക്കും വലിയ സന്തോഷം വീണ്ടും പ്രകടിപ്പിച്ചു.

മുഹമ്മദ് റഫിയോടുള്ള അതിരറ്റ ആരാധനകൊണ്ട് കുട്ടിക്കാലംതൊട്ടേ പാടിത്തുടങ്ങിയ നിഷാദ് പ്ലസ്‌വണ്ണിന് പഠിക്കുമ്പോഴാണ് ഗായകനിലേക്കുള്ള തന്റെ കാല്‍വെപ്പ് തുടങ്ങുന്നത്. റഫിയുടെയും കിഷോറിന്റെയും പാട്ടുകള്‍ മനോഹരമായി പാടും. നിഷാദിന്റെ ചില മലയാളം പാട്ടുകളും ഹിറ്റായിട്ടുണ്ട്. നിരവധി സ്റ്റേജ് പ്രോഗ്രാമുകളില്‍ പാടിയിട്ടുണ്ട്. ദുബായ്, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ നഗരങ്ങളിലും ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. പരേതനായ കുന്നില്‍ അബ്ദുല്‍ മജീദിന്റെയും ഹാജിറയുടെയും മകനാണ്. സഹോദരങ്ങളായ അസ്ലം സിറാജ്, ഷരീഫ് ആപു, റിയാസ് കൊളാബ, ഭാര്യ മറിയമ്മ എന്നിവരുടെ പിന്തുണ തന്റെ പാട്ടുവഴിയില്‍ വലിയ പ്രചോദനമായിട്ടുണ്ടെന്ന് നിഷാദ് പറഞ്ഞു. മക്കള്‍: ഫാത്തിമ, മുഹമ്മദ് ഹാത്തിം, ഹാജിറ ജഹ്‌റ.


പ്യാരേലാലിന് മുന്നില്‍ നിഷാദ് പാടുന്നു

Similar News