അടച്ചുറപ്പുള്ള വീട്ടില്‍ വിഷു ആഘോഷിച്ച് നളിനി-ദേജുനായിക് ദമ്പതികള്‍
നളിനി-ദേജുനായിക് ദമ്പതികള്‍ പുതിയ വീടിന് മുന്നില്‍
കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്നിലെ നളിനി-ദേജുനായിക് ദമ്പതികള്‍ക്ക് ഇത്തവണത്തെ വിഷു ആഘോഷം അടച്ചുറപ്പുള്ള വീട്ടിലായിരുന്നു. ചാമുണ്ഡിക്കുന്ന് റെയില്‍വെ ലൈനിന് സമീപം അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിഞ്ഞിരുന്ന ഇവരുടെ ദുരിതം കണ്ട് അജാനൂര്‍ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസ് ആണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. പഞ്ചായത്തിലേക്ക് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി വീട് നല്‍കിയത്. ആറുമാസം കൊണ്ട് ആറ് ലക്ഷത്തി അമ്പതിനായിരം രൂപ ചെലവഴിച്ചാണ് രണ്ട് മുറികളും സ്വീകരണം മുറിയും അടുക്കളയും ശുചിമുറിയുമുള്ള വീട് നിര്‍മ്മിച്ചു നല്‍കിയത്. 100 രൂപയുടെ സമ്മാന കൂപ്പണുകള്‍ വാര്‍ഡുകള്‍ വഴി വിതരണം ചെയ്താണ് ഫണ്ട് കണ്ടെത്തിയത്. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7,000 രൂപയും മൂന്നാം സമ്മാനമായി 3,000 രൂപയും പ്രോത്സാഹന സമ്മാനങ്ങളായി 10 കിലോ അരിയും നല്‍കിയിരുന്നു. ഈ തുകയ്‌ക്കൊപ്പം കുടുംബശ്രീ ഫണ്ട് കണ്ടെത്തി നല്‍കുകയും ചെയ്തു. സ്‌നേഹവീടിന്റെ താക്കോല്‍ദാനം എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, ജില്ല കുടുംബശ്രീ എ.ഡി.എം. സി.ഡി. ഹരിദാസ്, കെ. സബീഷ്, കെ. മീന, കെ. കൃഷ്ണന്‍, ഷീബ ഉമ്മര്‍, എം.ജി പുഷ്പ, ദേവി രവീന്ദ്രന്‍, കെ. സുജാത, കെ. രാജ്‌മോഹനന്‍, കുഞ്ഞിരാമന്‍ എക്കാല്‍, ഹമീദ് ചേരക്കാടത്ത്, സി. മുഹമ്മദ് കുഞ്ഞി, എം. വി രത്‌നകുമാരി, ബിന്ദു പ്രസംഗിച്ചു.