കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാത്തത് ദുരിതമാവുന്നു
കാസര്‍കോട്: മഴ മൂലം മിക്ക റോഡുകളിലും കുഴി നിറഞ്ഞത് വാഹന യാത്രക്കാര്‍ക്ക് ദുരിതമായതിന് പുറമെ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനായി റോഡരികിലെ ടാറിട്ട ഭാഗം വെട്ടിപ്പൊളിച്ചത് നന്നാക്കാത്തത് കാരണവും മിക്ക സ്ഥലങ്ങളിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നു. കാസര്‍കോട് പഴയ ദിനേശ് കമ്പനി റോഡില്‍ നിന്ന് ആനവാതുക്കലിലേക്ക് പോകുന്ന റോഡരികിലെ ടാറിട്ട ഭാഗമാണ് കുടിവെള്ള പൈപ്പുകള്‍ പാകാനായി ഒരു മാസം മുമ്പ് വെട്ടിപ്പൊളിച്ചത്. പൈപ്പുകള്‍ പാകി കുഴി മൂടിയെങ്കിലും ടാറിംഗ് നടത്താനോ സിമന്റിടാനെ അധികൃതര്‍ തയ്യാറായില്ല. റോഡ് വെട്ടിപ്പൊളിച്ച ഭാഗം നന്നാക്കാന്‍ പിന്നീട് തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് ആക്ഷേപം. പൈപ്പുകള്‍ സ്ഥാപിക്കാന്‍ ചിലയിടങ്ങളില്‍ റോഡുകള്‍ മധ്യഭാഗത്ത് നിന്ന് കിളച്ചിട്ടിരുന്നു. ഇതും പൂര്‍ണ്ണമായും നന്നാക്കിയില്ല. മഴക്ക് മുമ്പ് ബീച്ച് റോഡ് ജംഗ്ഷന്‍, താലൂക്ക് ഓഫീസ് പരിസരം എന്നിവിടങ്ങില്‍ ടാറിംഗ് നടത്തിയിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് വീണ്ടും പൈപ്പുകള്‍ പാകാന്‍ വീണ്ടും കിളച്ചിടുകയായിരുന്നു. റോഡുകളിലെ കുഴികളില്‍ മഴവെള്ളം നിറയുന്നത് കാരണം കുഴികള്‍ കാണാത്തത് വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടാന്‍ കാരണമാവുന്നു. കൂടാതെ റോഡുകളിലെ അറ്റകുറ്റപണികള്‍ നടത്തിയതില്‍ വ്യാപകമായ പരാതിയുയര്‍ന്നിട്ടുണ്ട്.