TREATMENT | അതിര്‍ത്തി ഗ്രാമങ്ങളിലെ ആസ്പത്രികള്‍ക്ക് വേണം ചികിത്സ

പെര്‍ളയിലെയും വാണിനഗറിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല;

By :  Sub Editor
Update: 2025-04-01 11:19 GMT

പെര്‍ള കുടുംബാരോഗ്യകേന്ദ്രം

പെര്‍ള: ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തത് കാരണം എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള പ്രദേശമായ പഡ്രെ, വാണിനഗര്‍, സ്വര്‍ഗ, കാട്ടുകുക്കെ എന്നിവിടങ്ങളിലെ സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ആസ്പത്രികളാണിവ. കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ 36 കുടുംബങ്ങളെ അധിവസിപ്പിച്ച സായി ഗ്രാമത്തിലുള്ളവരും ആശ്രയിക്കുന്ന ആസ്പത്രിയാണ് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തത് കാരണം ദുരിതാവസ്ഥയിലുള്ളത്.

വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു മെഡിക്കല്‍ ഓഫീസറും രണ്ട് ഡോക്ടര്‍മാരും വേണ്ടിടത്ത് ഒരു ഡോക്ടര്‍പോലും ഇല്ല. മറ്റു ജീവനക്കാരുടേയും സ്ഥിതിയും ഇത് തന്നെ. ഇത്തവണ സര്‍ക്കാര്‍ ഒരു കോടി രൂപ ചെലവഴിച്ച് ആസ്പത്രി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയെങ്കിലും പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പഴയ കെട്ടിടത്തില്‍ ആസ്പത്രി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ഡോക്ടരുടെ സേവനം ലഭിക്കുന്നത്. ഉണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിപ്പോയി. പകരം മറ്റു കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് പലപ്പോഴായാണ് ഇവിടെ എത്തുന്നത്. അതുകൊണ്ട് രോഗികള്‍ നിരാശയോടെ മടങ്ങുന്ന കാഴ്ചയാണ്. ലാബ് ആരംഭിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

എന്‍മകജെ പഞ്ചായത്തിലെ പ്രധാന ടൗണായ പെര്‍ള ടൗണിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കാര്യവും ഇങ്ങനെയാണ്. ആകെയുള്ളത് ഒരു ഡോക്ടര്‍ മാത്രം. മെഡിക്കല്‍ ഓഫീസര്‍ക്ക് മറ്റു പദ്ധതി നിര്‍വ്വഹണ ചുമതല ഉള്ളതിനാല്‍ മുഴുവന്‍ സമയം രോഗികളെ പരിശോധിക്കാന്‍ കഴിയുന്നില്ല. രണ്ട് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരു ഡോക്ടറുടെ സേവനമാണ് ഇവിടെയുള്ളത്. ദിവസേന നൂറ്റി അമ്പതിലേറെ രോഗികള്‍ ഇവിടെ എത്തുന്നു. രോഗികളുടെ എണ്ണം പരിഗണിച്ച് രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ വൈകിട്ട് വരെ ഒ.പി സേവനം ആരംഭിച്ചു. ഇതിനായി പഞ്ചായത്ത് മുന്‍കയ്യെടുത്ത് ഒരു ഡോക്ടറേയും പാരാ മെഡിക്കല്‍ സ്റ്റാഫിനേയും നിയമിച്ചു. ഡോക്ടര്‍മാരുടെ കുറവ് മൂലം ഇതേ ഡോക്ടര്‍ തന്നെ രാവിലെ മുതല്‍ വൈകിട്ട് വരെ രോഗികളെ പരിശോധിക്കുന്നുണ്ട്. ഇതോടെ ഒ.പി കൃത്യമായി പ്രവര്‍ത്തിക്കാനും ഇവിടെ കഴിയുന്നില്ല. ഇത് ജില്ലയിലെ വടക്കാന്‍ അതിര്‍ത്തി ഗ്രാമങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


Similar News