ചൂടും റമദാനും; പഴവര്‍ഗങ്ങളില്‍ തണ്ണിമത്തനാണ് താരം

By :  Sub Editor
Update: 2025-03-21 06:06 GMT

കാസര്‍കോട്: ശക്തമായ വേനല്‍ ചൂട് കൂടിയ റമദാന്‍ കാലത്ത് പഴവര്‍ഗങ്ങളില്‍ താരമായി തണ്ണിമത്തന്‍. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണിമത്തന്‍ പ്രധാനമായും എത്തുന്നത്. അതിര്‍ത്തി പ്രദേശമായതിനാല്‍ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നാണ് കൂടുതലും തണ്ണിമത്തന്‍ എത്തിക്കുന്നത്. ദിവസേന ലോഡ് കണക്കിന് തണ്ണിമത്തനാണ് മൊത്ത വില്‍പ്പന കച്ചവടക്കാരുടെ ഗോഡൗണുകളില്‍ എത്തുന്നത്. ചൂട് കാലത്തും നോമ്പ് കാലത്തും തണ്ണിമത്തന്‍ വലിയ ആശ്വാസമാവുകയാണ്. അതുതന്നെയാണ് ഡിമാന്റും വര്‍ധിപ്പിക്കുന്നത്. തണ്ണിമത്തന് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം വിലകയറ്റമൊന്നുമില്ലാത്തത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാവുന്നത്. നേരത്തെ കിലോവിന് 20 മുതല്‍ 25 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാല്‍ ഇപ്രാവശ്യം 14 മുതല്‍ 20 രൂപ വരെയാണ് കിലോയ്ക്ക് ഈടാക്കുന്നത്. വിവിധതരം തണ്ണിമത്തന്‍ വിപണിയിലുണ്ട്. ചെറുതാണെങ്കില്‍ വില കുറയും. വലുതെങ്കില്‍ അഞ്ച് കിലോയ്ക്ക് കൂടുതലുള്ളവയാണ് വിപണിയിലേറെയും. അകത്ത് മഞ്ഞ നിറമുള്ള തണ്ണിമത്തനും വിപണിയിലുണ്ട്. കൗതുകം തോന്നി ഈ തരം തണ്ണിമത്തന്‍ വാങ്ങുന്നവരും ഏറെയാണ്. വലിയ തണ്ണിമത്തന്‍ കച്ചവടക്കാര്‍ പകുതിയാക്കി മുറിച്ച് നല്‍കുന്നുമുണ്ട്. ചൂട് കൂടിക്കൊണ്ട് വരുന്ന സാഹചര്യത്തില്‍ നോമ്പ് തുറ സമയത്തെ പ്രധാന വിഭവം തണ്ണിമത്തനാണ്.

Similar News