ഇനിയും വീഴുമോ?; ദേശീയപാതയില്‍ ബേവിഞ്ച-ചട്ടഞ്ചാല്‍ ഭാഗങ്ങളിലെ ഭീതിയൊഴിയുന്നില്ല
രണ്ടാം റീച്ചിലെ പ്രവൃത്തി എന്ന് പൂര്‍ത്തിയാവുമെന്നതില്‍ ആശങ്ക;
ബേവിഞ്ച സ്റ്റാര്‍ നഗറില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം
ചെര്‍ക്കള: ദേശീയപാത തലപ്പാടി-ചെങ്കള റീച്ചില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി ഔദ്യോഗികമായി തുറന്ന് കൊടുക്കുന്നതിന് സഞ്ചമായിരിക്കെ തൊട്ടടുത്ത രണ്ടാം റീച്ചിലെ പ്രവൃത്തി എന്ന് തീരുമെന്നതില്‍ ആശങ്ക. ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള രണ്ടാം റീച്ചിന്റെ തുടക്കത്തില്‍ ചെര്‍ക്കള ബേവിഞ്ച സ്റ്റാര്‍ നഗറിന് സമീപം മുതല്‍ ചട്ടഞ്ചാല്‍ വരെ മണ്ണിടിച്ചില്‍ പതിവായതും നിര്‍മ്മാണത്തില്‍ പരക്കെ അപാകത കണ്ടെത്തിയതും ഇനിയുള്ള പ്രവൃത്തിയെ ബാധിക്കുമെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. അതിനിടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദിവസങ്ങളോളം അടച്ചിട്ട റോഡ് ഗതാഗതത്തിന് തുറന്ന് നല്‍കിയെങ്കിലും ബേവിഞ്ച മുതല്‍ ചട്ടഞ്ചാല്‍ വരെ ഇരുവശങ്ങളിലും കുന്നുകളും കൂറ്റന്‍ പാറകളും വീഴാനൊരുങ്ങി നില്‍ക്കുന്നതും കനത്ത മഴയില്‍ വെള്ളം മുകളില്‍ നിന്ന് കുത്തിയൊഴുകുന്നതും യാത്രക്കാര്‍ക്ക് ഭീതിയാവുകയാണ്. ഇവിടങ്ങളില്‍ ഏതുതരം സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാവും അപകടഭീതി ഒഴിവാക്കുക എന്ന് വ്യക്തമല്ല. ഈ ഭാഗങ്ങളില്‍ തന്നെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാകാന്‍ ഏറെ വൈകിയേക്കും. അതിനാല്‍ തന്നെ രണ്ടാം റീച്ചിലെ പ്രവൃത്തി പൂര്‍ത്തിയാവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ചട്ടഞ്ചാലിനപ്പുറമുള്ള ഭാഗങ്ങളിലും നീലേശ്വരം മുതല്‍ തളിപ്പറമ്പ് വരെയുള്ള മൂന്നാം റീച്ചിലും നിര്‍മ്മാണ പ്രവൃത്തി ദ്രുതഗതിയില്‍ നടന്നുവരികയാണ്. എങ്കിലും രണ്ടാം റീച്ചിലെ തുടക്കത്തില്‍ തന്നെ അപാകവും അപകട സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയപാത ഒന്നാം റീച്ച് തുറന്നു നല്‍കിയാലും ദുരിതമനുഭവിക്കേണ്ടി വരുമെന്നതാണ് യാത്രക്കാരുടെ ആശങ്ക. നിര്‍മ്മാണ രംഗത്തെ അതികായരായ മേഘ എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് രണ്ടും മൂന്നും റീച്ചിലെ പ്രവൃത്തി ഏറ്റെടുത്തത് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അപാകമുള്ളതായി തുടക്കത്തിലെ പരാതി ഉയര്‍ന്നു. വളവ് തിരിവുകള്‍ ഏറെയുള്ള ചെര്‍ക്കള-ബേവിഞ്ച പാതയില്‍ പ്രാദേശിക സ്വഭാവം പരിഗണിക്കാതെയാണ് മണ്ണെടുപ്പും റോഡ് നിര്‍മ്മാണവും നടത്തിയത്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാതെയാണ് പ്രവൃത്തിയെന്ന് ആരോപിച്ച് പ്രതിഷേധവും ഉയര്‍ന്നു. നിര്‍മ്മാണത്തിലെ അശാസ്ത്രീയ രൂപകല്‍പന, ചെരിവ് സംരക്ഷണത്തിലെ അഭാവം, മഴവെള്ളം ഒഴുകിപ്പോകാനാവശ്യമായ ഓവുചാല്‍ പണിയാതെയുള്ള നിര്‍മ്മാണം തുടങ്ങിയവ കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്ക് 9 കോടി രൂപ പിഴചുമത്തുകയും ഒരു വര്‍ഷത്തേക്ക് ടെണ്ടറുകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. മേഘ കമ്പനി കരാര്‍ ഏറ്റെടുത്ത രണ്ട് റീച്ചുകളിലും വ്യാപക പരാതികളാണ് തുടക്കത്തിലെ ഉയര്‍ന്നത്. 2022ല്‍ പെരിയയിലെ മേല്‍പ്പാലവും തുടര്‍ന്ന് പുല്ലൂരിലെ മേല്‍പ്പാലവും നിര്‍മ്മാണത്തിനിടെ തകര്‍ന്നു. പിന്നാലെ ചെറുവത്തൂര്‍ വീരമലക്കുന്നിലും മട്ടലായിയിലും മണ്ണിടിഞ്ഞു.
ബേവിഞ്ചയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് മണല്‍ചാക്കുകള്‍ പാകിയ നിലയില്‍
മട്ടലായിയില്‍ മണ്ണിടിച്ചിലില്‍ തൊഴിലാളി മരിക്കുകയുമുണ്ടായി. പഴയ ഓവുചാലുകള്‍ മണ്ണിട്ട് മൂടുകയും പുതിയത് നിര്‍മ്മിക്കാതിരുന്നതിനെയും തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ചട്ടഞ്ചാലില്‍ നിന്ന് ചെര്‍ക്കള വരെ 4 കള്‍വര്‍ട്ടുകളാണ് രൂപരേഖയിലുണ്ടായത്. എന്നാല്‍ മൂന്നെണ്ണം വെട്ടിക്കുറച്ച് ഒരെണ്ണം മാത്രം നിര്‍മ്മിച്ചു. ഇതോടെ ചെറിയ മഴയില്‍ തന്നെ പ്രദേശത്തെ വീടുകളില്‍ ചെളിവെള്ളം കയറുന്ന അവസ്ഥയുണ്ടായി. സോയില്‍ നെയ്ലിങ് ശാസ്ത്രീയമായി ചെയ്യാത്തതിനാല്‍ മണ്ണിടിച്ചില്‍ തടയാനും കഴിഞ്ഞില്ല. അതിനിടെ ബേവിഞ്ചയില്‍ മൂന്നാഴ്ച മുമ്പുണ്ടായ കുന്നിടിച്ചലിനെ തുടര്‍ന്ന് ദേശീയപാതയില്‍ ദിവസങ്ങളോളം ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. റോഡ് താല്‍ക്കാലികമായി നന്നാക്കി തുറന്നു നല്‍കിയെങ്കിലും അപകടം മുന്നില്‍കണ്ട് യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതോടൊപ്പം ദേശീയപാതയോരങ്ങളിലുള്ളവരുടെ കാര്യവും പരിതാപകരമാണ്. ഏത് സമയവും കുന്നിടിയുമെന്ന ഭീതിയിലാണ് പല കുടുംബങ്ങളും കഴിയുന്നത്. സംരക്ഷണ ഭിത്തി തകര്‍ന്നതും തകരാനുള്ള സാധ്യതയുള്ളതും കാരണം റോഡിലിറങ്ങാന്‍ വഴിയില്ലാതെ കഴിയുന്ന കുടുംബങ്ങളുമുണ്ട്.
ചട്ടഞ്ചാലിന് സമീപം വെട്ടിപ്പൊളിച്ച പാറക്കെട്ടില്‍ നിന്ന് മഴവെള്ളം കുതിച്ചൊഴുകുന്നു