കോട്ടപ്പുറം കുടുംബക്ഷേമ ഉപ കേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്നാവശ്യം

Update: 2025-07-04 11:18 GMT

കോട്ടപ്പുറം കുടുംബ ക്ഷേമ ഉപകേന്ദ്രം

നീലേശ്വരം: കോട്ടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പള്ളിക്കര കുടുംബക്ഷേമ ഉപകേന്ദ്രം കോട്ടപ്പുറം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ തീരദേശ പ്രദേശമാണ് കോട്ടപ്പുറം. ആനച്ചാല്‍, കൊയാമ്പുറം, ഉച്ചൂളികുതിര്‍, കടിഞ്ഞിമൂല, ചെറുവത്തൂര്‍ പഞ്ചായത്തിലെ അച്ചാംതുരുത്തി, ഓര്‍ക്കുളം, കാരിയില്‍ തുടങ്ങിയ പ്രദേശങ്ങളുടെ സംഗമ കേന്ദ്രമാണ് കോട്ടപ്പുറം. ഇവിടെ സ്ഥിതിചെയ്യുന്ന പള്ളിക്കര കുടുംബ ക്ഷേമ ഉപകേന്ദ്രം കോട്ടപ്പുറം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ആവശ്യം ഉന്നയിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും നിരവധി തവണ ആരോഗ്യ വകുപ്പിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു തുടര്‍ നടപടിയുമില്ല.

നീലേശ്വരം മുനിസിപ്പാലിറ്റിയിലേയും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലേയും ആയിരത്തിലധികം കുടുംബങ്ങള്‍ കോട്ടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പള്ളിക്കര കുടുംബക്ഷേമ ഉപകേന്ദ്രത്തെ ആശ്രയിക്കുന്നുണ്ട്. ഇവിടെ ആവശ്യത്തിന് സൗകര്യമില്ലാത്ത കാരണം സ്വാകാര്യ ആസ്പത്രിയെയാണ് പലരും ഇപ്പോള്‍ ആശ്രയിക്കുന്നത്. പ്രധാന വിഭാഗങ്ങളിലെ നാലോളം ഡോക്ടര്‍മാരെയും ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപെടുന്നു. കോട്ടപ്പുറം കുടുംബ ക്ഷേമ ഉപകേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭാ പ്രമേയം പാസാക്കുകയും വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. കോട്ടപ്പുറം കുടുംബ ക്ഷേമ ഉപകേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയാല്‍ പ്രത്യേക ഡോക്ടര്‍മാര്‍, ലാബ്, ചെറിയ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ എന്നിവയുണ്ടാകും.


Similar News