സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ നിന്ന് പൊതുഇടത്തിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി

By :  Sub Editor
Update: 2025-05-10 10:50 GMT

ബദിയടുക്ക: ബദിയടുക്ക മുകളിലെ ബസാറില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ നിന്ന് മലിനജലം പൊതുഇടത്തില്‍ തുറന്ന് വിടുന്നത് പതിവായതോടെ പ്രതിഷേധവുമായി സമീപവാസികള്‍ രംഗത്തെത്തി. പരാതി നല്‍കിയതോടെ കാസര്‍കോട് ജെ.ഡി ഓഫീസിലെ (ഐ.വി.ഒ) ഇന്റലിജന്‍സ് വിഭാഗവും പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന റോഡിന് സമീപമുള്ള കെട്ടിടത്തിലെ മലിനജലം ആഴ്ചയില്‍ രണ്ട് തവണ രാത്രികാലങ്ങളില്‍ ടാങ്കില്‍ നിന്നും പൈപ്പ് ഘടിപ്പിച്ച് ചെര്‍ക്കള-കല്ലടുക്ക റോഡിലെ പൊതുസ്ഥലത്ത് തുറന്ന് വിടുന്നതായാണ് പരാതി ഉയര്‍ന്നത്. വര്‍ഷങ്ങളായി ഇത് തുടര്‍ന്ന് വരുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. സമീപത്തെ ആസ്പത്രിയിലേക്കെത്തുന്നവര്‍ അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് മൂക്കുപൊത്തി നടക്കുമ്പോള്‍ അധികൃതര്‍ ആര്‍ക്ക് വേണ്ടിയാണ് കണ്ണടച്ച് ഇരുട്ടാക്കിയതെന്നും ആവശ്യം ഉയര്‍ന്നിരുന്നു. 50 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിത്തിലെ മലിനജലം നേരത്തെ ടാങ്കര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയിരുന്നുവത്രെ. എന്നാല്‍ അമിത ചെലവ് ഒഴിവാക്കാനാണ് പൊതുസ്ഥലത്ത് തുറന്നുവിടുന്നതെന്നാണ് പരാതി. ദുര്‍ഗന്ധത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സമീപത്ത് മത്സ്യ വില്‍പ്പന നടത്തുന്നതിന്റെ ദുര്‍ഗന്ധമാണെന്നാണ് പറഞ്ഞിരുന്നത്. മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് പൊതുയിടത്തില്‍ മലിനജലം തള്ളിവിട്ടത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Similar News