റെക്കോഡുകള്‍ ഭേദിച്ച് തേങ്ങ വില കുതിക്കുന്നു

By :  Sub Editor
Update: 2025-03-26 11:35 GMT

ബദിയടുക്ക: തേങ്ങ വില എല്ലാവിധ റെക്കോര്‍ഡുകളും ഭേദിച്ചു മുന്നേറുന്നു. പച്ചതേങ്ങക്ക് കിലോവിന് 60 രൂപയാണ് ഇന്നലത്തെ വില. അഞ്ച് വര്‍ഷത്തിലേറെയായി 23 മുതല്‍ 26 വരെയായിരുന്നു പച്ചതേങ്ങ വില. കഴിഞ്ഞ ഓണം മുതലാണ് നാളികേര വിപണിയില്‍ വിലക്കയറ്റം തുടങ്ങിയത്. തേങ്ങ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ ഇപ്പോള്‍ വില എല്ലാ റെക്കോഡുകളും ഭേദിച്ച് വില കുതിച്ചുകൊണ്ടിരിക്കുകയാണ്.

പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാല്‍ വില ഇനിയും കൂടാന്‍ സാധ്യത ഉണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ഉല്‍പാദനം കുറഞ്ഞതോടെ വിലവര്‍ധനയുടെ നേട്ടം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ സങ്കടം. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് നാളികേര ഉല്‍പാദനം നാലിലൊന്നായി കുറഞ്ഞു. നേരത്തെ ആയിരം തേങ്ങ ലഭിച്ചിരുന്ന പറമ്പില്‍ നിന്ന് ഇപ്പോള്‍ 200 തേങ്ങ പോലും കിട്ടുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ കാലാവസ്ഥ വ്യതിയാനവും കത്തുന്ന ചൂടും വിളവ് കുത്തനെ കുറയാന്‍ കാരണമായി.

കഴിഞ്ഞ കാലങ്ങളില്‍ വിലക്കുറവ് കാരണം കര്‍ഷകര്‍ നാളികേര കൃഷിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. പല കര്‍ഷകരും വളം ചേര്‍ക്കല്‍ പോലും നിര്‍ത്തിവെച്ചിരുന്നു. ഇതും തേങ്ങ ഉല്‍പാദനം കുത്തനെ കുറയാന്‍ ഇടയാക്കി. തേങ്ങാവില ഉയര്‍ന്നതിനൊപ്പം ഇളനീര്‍ വിലയും വര്‍ധിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് 35 മുതല്‍ 40 രൂപവരെ വില ഈടാക്കിയിരുന്ന ഇളനീരിന് പലയിടത്തും 55 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ ഇളനീരിന് 60 രൂപ വരെ വാങ്ങിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 മുതല്‍ 15 രൂപ വരെയാണ് വര്‍ധിച്ചത്.

Similar News