കാസര്‍കോടിനെ അറിയാന്‍ പഠന-വിനോദയാത്ര വേറിട്ട അനുഭവമായി

By :  Sub Editor
Update: 2025-03-10 10:58 GMT

കാസര്‍കോട്: കാസര്‍കോട് ട്രാവല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് നാള്‍ നീണ്ടുനിന്ന കാസര്‍കോടിനെ അറിയാന്‍ പഠന-വിനോദ യാത്ര സംഘടിപ്പിച്ചു. യാത്ര അംഗങ്ങള്‍ക്ക് വേറിട്ട അനുഭവം പകര്‍ന്നു. മഞ്ചേശ്വരം കണ്വതീര്‍ത്ഥ ബീച്ചില്‍ നിന്നാരംഭിച്ച യാത്രയില്‍ 33 പേര്‍ അണിനിരന്നു. മാഡ ക്ഷേത്രം, രാഷ്ട്ര കവി ഗോവിന്ദപൈയുടെ ഭവനം, ജൈന ക്ഷേത്രം, ഉപ്പള ഹിന്ദുസ്ഥാനി സ്‌കൂള്‍, ആരിക്കാടി കോട്ട, പെര്‍ണ മുച്ചിലോട്ട് ക്ഷേത്രം, ബേള ചര്‍ച്ച്, മായിപ്പാടി കോവിലകം, കുട്‌ലു കാവില്‍മഠം, മാലിക് ദീനാര്‍ പള്ളി, കവി ഉബൈദിന്റെ ഭവനം, ചന്ദ്രഗിരിക്കോട്ട, പെര്‍ളടുക്ക കുടക്കല്ല്, ആയംകടവ് പാലം എന്നിവ ആദ്യ ദിവസം സന്ദര്‍ശിച്ചു.

രണ്ടാം നാള്‍ കോടോത്ത്, മഡിയന്‍ കൂലോം ക്ഷേത്രങ്ങളിലെ ദാരു ശില്പങ്ങള്‍, കൊടവലം ശിലാശാസനം, ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, ഹോസ്ദുര്‍ഗ് കോട്ട, മടിക്കൈ തിരുമുമ്പ് സംസ്‌ക്കാരിക സമുച്ചയം, ഏച്ചിക്കാനം തറവാട് വീട്, കൂര്‍മ്മല്‍ എഴുത്തച്ചന്‍ സ്മാരകം, മഹാകവി പി.യുടെ ഭവനം, മഞ്ഞം പൊതിക്കുന്ന് എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം.

കൊടക്കാട് കദളീവനത്തില്‍ വയല്‍ നടത്തത്തോടു കൂടിയാണ് മൂന്നാം ദിന യാത്രക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കവി തിരുമുമ്പ് ഭവനം, ഇടയിലക്കാട് കാവ്, വലിയപറമ്പ് ബീച്ച്, നെല്ലിക്കാതുരുത്തി കഴകം ക്ഷേത്രം, മഹാകവി കുട്ടമത്ത് ഭവനം, കയ്യൂര്‍ രക്തസാക്ഷി സ്മാരകം, കരിന്തളം കളരി ക്ഷേത്രം, നീലേശ്വരം കോവിലകം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഓരോ സന്ദര്‍ശന കേന്ദ്രങ്ങളിലും അവിടത്തെ ചരിത്ര- സാംസ്‌കാരിക പശ്ചാത്തലം ടൂര്‍ ഡയറക്ടര്‍ കൂടിയായ ഡോ. സി ബാലന്‍ അംഗങ്ങള്‍ക്ക് വിശദീകരിച്ചു. കെ.ടി.സി ചെയര്‍മാന്‍ ജി.ബി വത്സന്‍, ചീഫ് ടൂര്‍ കോ ഓര്‍ഡിനേറ്റര്‍ സണ്ണി ജോസഫ്, മാനേജര്‍ രാധാകൃഷ്ണന്‍ കാമലം തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്‍കി. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും അയല്‍ സംസ്ഥാന ജില്ലകളിലും സമാന നിലയിലുള്ള പഠന-വിനോദ യാത്രകള്‍ സംഘടിപ്പിക്കാനും കാസര്‍കോട് ട്രാവല്‍ ക്ലബ്ബ് ആലോചിക്കുന്നുണ്ട്. വിദേശങ്ങളില്‍ ഉള്‍പ്പടെ 22 വിനോദ യാത്രകള്‍ ഇതിനകം കെ.ടി.സി സംഘടിപ്പിച്ചു.


Similar News