ഖുര്‍ആനില്‍ അത്ഭുതം തീര്‍ത്ത് ഹാഫിള് അഷ്ഹദും ഹാഫിള് അസീമും; 11 റക്അത്തിലും ഒറ്റ ഇരുത്തത്തിലും ഖുര്‍ആന്‍ മുഴുവനും ഓതിതീര്‍ത്തു
അബ്ദുല്‍ അസീം, മുഹമ്മദ് അഷ്ഹദ്
കാസര്‍കോട്: ഒറ്റ രാത്രിയിലെ പതിനൊന്ന് റക്അത്ത് സുന്നത്ത് നിസ്‌കാരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനഃപാഠ പാരായണം നടത്തിയ ഹാഫിള് അശ്ഹദിനും ഒറ്റ ഇരുത്തത്തില്‍ ഖുര്‍ആന്‍ മനപാഠ പാരായണം നടത്തിയ ഹാഫിള് അസീമിനും അടുക്കത്ത്ബയല്‍ മജ്‌ലിസ് എജൂക്കേഷനല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മജ്‌ലിസ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
രാത്രി നിസ്‌കാരത്തില്‍ നിന്നുകൊണ്ടാണ് മൊഗ്രാലിലെ അതീഖു റഹ്മാന്റെയും ഷാഹിനയുടെയും പതിനഞ്ചുകാരനായ മകന്‍ ഹാഫിള് അഷ്ഹദ് ഖുര്‍ആന്‍ മുഴുവനും പാരായണം നടത്തിയത്. പതിനാറുകാരനായ ഹാഫിള് അസീം നെല്ലിക്കുന്നിലെ അലി നവാസിന്റെയും സുഫൈറയുടെയും മകനാണ്.
മജ്‌ലിസ് എജുകേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദനയോളം യോഗം അല്‍ബയാന്‍ പ്രിന്‍സിപ്പാള്‍ ഹാഫിസ് ഹാഷിം ഹസനി ഉദ്ഘാടനം ചെയ്തു. പ്രവാചക കാലഘട്ടത്തിലും മറ്റുമുള്ള മഹത്തുക്കള്‍ നിര്‍വ്വഹിച്ചതും മുസ്ലിം സമൂഹം ഏറെ പുണ്യം കല്‍പ്പിക്കുന്നതുമായ ഈ കര്‍മ്മം ഖത്മുല്‍ ഖിയാം എന്ന പേരില്‍ അറിയപ്പെടുന്നുവെന്നും നമസ്‌കാരത്തിന് പുറത്ത് ഒറ്റ ഇരുത്തത്തില്‍ ഓതുന്നതിന് ഖത്മു ഖഅദ എന്നും പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായ പരിശീലനവും ആത്മീയ കരുത്തും കൊണ്ട് മാത്രമാണ് ഹാഫിള് അശ്ഹദിനും ഹാഫിള് അസീമിനും ഈ അപൂര്‍വ നേട്ടങ്ങള്‍ കൈവരിക്കാനായതെന്നും ഹാഫിള് ഹാഷിം ഹസനി കൂട്ടിച്ചേര്‍ത്തു. മജ്‌ലിസ് പ്രിന്‍സിപ്പാള്‍ ഹാഫിള് അതീഖുര്‍റഹ്മാന്‍ മൗലവി പ്രാര്‍ത്ഥന നടത്തി. എം.എം മുനീര്‍ സ്വാഗതവും ടി. അബ്ദുല്‍ഖാദിര്‍ നന്ദിയും പറഞ്ഞു. സിഎം അബ്ദുല്ല, ജലീല്‍ കോയ, ടി. കെ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍, അഹമ്മദ് കുഞ്ഞി കോളിയാട്, ഉസ്മാന്‍ തെരുവത്ത്, മാമു അടുക്കത്ത്ബയല്‍, കബീര്‍ ടി.ആര്‍ സംബന്ധിച്ചു.
അല്‍ ബയാനില്‍ സമാനമായി ഖത്മുല്‍ ഖിയാം നിര്‍വഹിച്ച ഏഴ് വിദ്യാര്‍ത്ഥിനികള്‍ക്കും ഖത്മുഖഅദ നിര്‍വഹിച്ച നൂറില്‍പരം വിദ്യാര്‍ത്ഥിനികള്‍ക്കും മെയ് മാസം നടക്കാനിരിക്കുന്ന സനദ്ദാന സമ്മേളനത്തില്‍ ഉപഹാരങ്ങള്‍ സമ്മാനിക്കും. ഹാഫിള ഫാത്വിമത് മുഫീദ തയാറാക്കുന്ന ഖുര്‍ആനിന്റെ കൈയെഴുത്തു പ്രതിയുടെ പ്രകാശനവും അന്ന് നടക്കും.