സന്ദപ്പദവ് നിവാസികളുടെ യാത്രാക്ലേശത്തിന് അറുതിയെന്ന്? കനിവ് കാത്ത് പ്രദേശവാസികള്‍

By :  Sub Editor
Update: 2025-09-17 08:59 GMT

സന്ദപ്പദവില്‍ തോടരികിലൂടെ നടന്നുനീങ്ങുന്ന കുട്ടികളും യാത്രക്കാരും

പെര്‍ള: സന്ദപ്പദവ് നിവാസികളുടെ യാത്രക്ലേശത്തിന് പരിഹാരമായില്ല. പ്രദേശവാസികള്‍ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്. നടവഴിയോ സഞ്ചാര യോഗ്യമായ റോഡോ ഇല്ലാതെ ദുരിതമനുഭവിക്കുകയാണ് എന്‍മകജെ പഞ്ചായത്തിലെ കൊപ്പളം സന്ദപ്പദവ് നിവാസികള്‍. മഴ തിമിര്‍ത്ത് പെയ്താല്‍ ഇവര്‍ക്ക് കാല്‍ നടയാത്രപോലും വഴിമുട്ടിയ സ്ഥിതിയാണ്. പഞ്ചായത്തിലെ സായ ഒന്നാം വാര്‍ഡില്‍പ്പെടുന്ന കൊപ്പളത്തെ പട്ടിക വര്‍ഗ ഉന്നതിയില്‍പ്പെട്ട പതിമൂന്നും ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന എട്ടോളം കുടുംബംഗങ്ങളാണ് കാല വര്‍ഷം തുടങ്ങിയാല്‍ വീട്ടില്‍ നിന്ന് ടൗണിലേക്കെത്താന്‍ വഴിയില്ലാതെ ദുരിതം അനുഭവിക്കുന്നത്. ഏതൊരു ആവശ്യത്തിനും ഇവിടത്തെ ജനം ആശ്രയിക്കുന്നത് പെര്‍ള ടൗണിനെയാണ്. എന്നാല്‍ മഴ തുടങ്ങിയാല്‍ സമീപത്ത് കൂടി കുത്തിയൊഴുകുന്ന സന്ദപ്പദവ് തോടിന് മറു കരയെത്താന്‍ നടപാലംപോലുമില്ല. നടവഴിയിലൂടെ ചുറ്റി സഞ്ചരിച്ച് പോകാമെന്നു വെച്ചാല്‍ സമീപത്തെ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുനല്‍കാത്തതിനാല്‍ അതും പ്രദേശവാസികള്‍ക്ക് വഴി മുടക്കിയിരിക്കുകയാണ്. നേരത്തെ കുത്തിയൊലിക്കുന്ന തോടിനോട് ചേര്‍ന്ന് അപകട വഴിയിലൂടെ സ്‌കൂള്‍ കുട്ടികളും മറ്റും നടന്നു നീങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തോടിന്റെ 47 മീറ്ററോളം സ്ഥലത്ത് തോടരിക് നാല് മീറ്റര്‍ ഉയരത്തില്‍ ഇടിഞ്ഞിരിക്കുകയാണ്. സ്ഥലം സ്വകാര്യ വ്യക്തിയുടേതായതിനാല്‍ തോടരികില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് തടസ്സമാവുന്നു. അസുഖബാധിതരായ രോഗികളെ ആസ്പത്രിയിലെത്തിക്കണമെങ്കില്‍ ജീവന്‍ പണയംവെച്ച് കസേരയിലിരുത്തിയോ മറ്റും കൊണ്ടുപോകേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. കണ്ണൊന്ന് തെറ്റിയാല്‍ അപകട സാധ്യതയേറെയാണ്.


Similar News