ഈ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്..!! കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്
സ്പാം , വാണിജ്യ സന്ദേശങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമാക്കാന്‍ ട്രായ്
അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങള്‍ മൊബൈല്‍ ഫോണിലൂടെ നടത്തുന്ന തട്ടിപ്പിനെതിരെ കരുതിയിരിക്കാന്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര ഡയലിംഗ് കോഡുകളില്‍ നിന്ന് വരുന്ന കോളുകള്‍ എടുക്കരുതെന്നും ഇതിനെതിരെ ജാഗരൂഗരായിരിക്കണമെന്നും ടെലി കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. +77, +89, +85, +86, +84 എന്നീ കോഡുകളില്‍ +86, +84 കോഡുകള്‍ മാത്രമാണ് നിലവില്‍ ചൈനയുടെയും വിയറ്റ്‌നാമിന്റെയും കോഡുകളായി നിലനില്‍ക്കുന്നത്. മറ്റുള്ള കോഡുകളില്‍ തുടങ്ങുന്ന നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ശ്രദ്ധിക്കണമെന്നും ടെലികോം മുന്നറിയിപ്പ് നല്‍കി. മുകളില്‍ പറഞ്ഞ കോഡുകളുള്ള നമ്പറുകളില്‍ നിന്ന് കോളുകളോ സന്ദേശങ്ങളോ വന്നാല്‍ സര്‍ക്കാരിന്റെ ചക്ഷു പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനാവുമെന്നും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. എസ്എംഎസുകളിലെ സ്പാമും മറ്റ് അനാവശ്യ ഉള്ളടക്കങ്ങളും തടയുന്നതിന് വാണിജ്യ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനുള്ള നിയമങ്ങള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അന്തിമമാക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. നിയമങ്ങള്‍ ശക്തമാക്കുന്നതിനിടെ ടെലികോം കമ്പനികളുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ച് സമയപരിധി നീട്ടിയിട്ടുണ്ട്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 30 ന് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും സമയപരിധി ട്രായ് വീണ്ടും നീട്ടുകയായിരുന്നു.