ഓര്‍മ്മയായത് പാവങ്ങളെ നെഞ്ചോട് ചേര്‍ത്ത ദൈനബി ഹജ്ജുമ്മ

Update: 2025-10-17 10:44 GMT

പുലിക്കുന്നിലെ ആ വീടിന് മുന്നില്‍ പലപ്പോഴും എത്തുമ്പോഴും പുറത്തെ സിറ്റൗട്ടിലെ ചാരുകസേരയില്‍ പുഞ്ചിരിയോടെ എന്നെ വരവേറ്റിരുന്നത് ദൈനബി ഹജുമ്മയായിരുന്നു. ഉമ്മയുമായി കൂടുതല്‍ അടുക്കുന്നത് മകനും സുഹൃത്തും കാസര്‍കോട്ടെ പാട്ടുകാരുടെ കൂട്ടമായ കെ.എല്‍. 14 ന്റെ ഭാരവാഹിയുമായ സുബൈര്‍ പുലിക്കുന്നിലൂടെയാണ്. പത്രത്തില്‍ വാര്‍ത്തകളൊക്കെ കൊടുത്തു അല്‍പം ഇടവേള കിട്ടുമ്പോള്‍ സുബൈറിനെതേടി ഞാന്‍ ചെല്ലാറ് ഈ വീട്ടിലേക്കാണ്. എത്രയോ തവണ ഉമ്മയുടെ കയ്യില്‍ നിന്നും പാനീയങ്ങളും ചോറും കഴിച്ചിട്ടുണ്ട്. വീട്ടില്‍ എത്തിയാല്‍ എന്തെങ്കിലും കഴിച്ചിട്ടേ മടങ്ങുകയുള്ളു. വീട്ടിലെത്തുന്നവര്‍ക്ക് ഒരു ഗ്ലാസ് വെള്ളമെങ്കിലും നല്‍കിയിട്ടേ അവര്‍ യാത്രയാക്കുകയുള്ളൂ.

കുടുംബ വിശേഷങ്ങള്‍ തിരക്കുമ്പോള്‍ നാട്ടിലെ വിശേഷങ്ങളൊക്കെ പങ്ക്‌വെക്കും. ഉപ്പ ചൂരി അബ്ദുല്ല ഹാജിയുടെ പഴയ കഥകളൊക്കെ ദൈനബി ഹജ്ജുമ്മ പറയാറുണ്ടായിരുന്നു. അത് കേള്‍ക്കാതെ വിടില്ല. വീട്ടില്‍ വരുന്ന പാവങ്ങള്‍ക്ക് കൈ നിറയെ നല്‍കാന്‍ ഉമ്മക്ക് പ്രത്യേക താല്‍പര്യമായിരുന്നു. അവരെ ഒരിക്കലും വെറും കയ്യോടെ മടക്കാറില്ല. സാധുക്കളെയും അഗതികളെയും ചേര്‍ത്തുപിടിക്കുന്നതില്‍ ഏറെ താല്‍പര്യമായിരുന്നു. രണ്ട് ദിവസം മുമ്പാണ് സുബൈര്‍ വാട്‌സാപ്പില്‍ മെസേജ് അയക്കുന്നത്. ഉമ്മ വീണ് ബോധമില്ലാതെ ആസ്പത്രിയില്‍ കൊണ്ടുപോയിരിക്കുകയാണ്, നീ നല്ലവണ്ണം ദുആ ചെയ്യണം എന്ന് ഞാന്‍ ആശ്വസിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഉമ്മയ്ക്ക് എങ്ങനെ സുഖമുണ്ടെന്ന് ചോദിച്ചു മെസേജ് അയച്ചു. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ദുഃഖവാര്‍ത്തയാണ് വന്നത്. ഉമ്മ പോയി... സൗദിയിലേക്ക് വരുന്നതിന് രണ്ടാഴ്ച മുമ്പ് കണ്ട് തമാശ പറഞ്ഞിരുന്നു.

ഇനി ആ ഉമ്മറത്ത് പുഞ്ചിരിക്കുന്ന മുഖവുമായി ഉമ്മ ഇല്ല. പാവങ്ങളുടെ അത്താണിയായ ഉമ്മ പോയിരിക്കുന്നു. മഹതിക്ക് റബ്ബ് പൊറുത്തു കൊടുക്കട്ടെ, പരലോക ജീവിതം ശാശ്വതമാക്കട്ടെ... ആമീന്‍.

Similar News