ക്വാണ്ടം സയന്‍സ് എക്‌സിബിഷന്റെ ഭാഗമായി കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന 'വര്‍ണ സംക്രാന്തി' കൂട്ട ചിത്രരചന ആര്‍ടിസ്റ്റ് ശ്യാമ ശശി മാഷ് ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: ജനുവരി 4 മുതല്‍ 9 വരെ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കുന്ന ക്വാണ്ടം സയന്‍സ് എക്‌സിബിഷന്റെ ഭാഗമായി കോളേജ് ക്യാമ്പസില്‍ കൂട്ട ചിത്രരചന സംഘടിപ്പിച്ചു. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയ ലൂക്കയും സംയുക്തമായി നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്വാണ്ടം സയന്‍സ് എക്‌സിബിഷന്റെ ഭാഗമായാണ് പുതുവര്‍ഷത്തെ വരവേറ്റ് 'വര്‍ണ സംക്രാന്തി' എന്ന പേരില്‍ ചിത്രരചന സംഘടിപ്പിച്ചത്. ആര്‍ടിസ്റ്റ് ശ്യാമ ശശി മാഷ് ഉദ്ഘാടനം ചെയ്തു. മനീഷ് തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ശ്യാമപ്രസാദ് കാഞ്ഞങ്ങാട്, സുരേഷ് ചിത്രപുര, കാര്‍ത്തിക് കിഷോര്‍, പാര്‍ത്ഥിവ് എസ്.ആര്‍., അഭിഷേക് എ., മഞ്ജിത്ത് കൃഷ്ണ, മിഥുന്‍ പി.യു, പഞ്ചമി പവിത്രന്‍ തുടങ്ങിയ ചിത്രകാരന്മാര്‍ പങ്കെടുത്തു. ഡോ. റീജ പി.വി സ്വാഗതവും പി. കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.