സി.സി.ടി.വി മേഖലയിലെ അനുഭവങ്ങള്‍; സുഹാസ് കൃഷ്ണന്റെ പുസ്തകമിറങ്ങി

By :  Sub Editor
Update: 2025-04-12 09:05 GMT

കാഞ്ഞങ്ങാട്: ഒന്നര പതിറ്റാണ്ടുകാലം സി.സി. ടി.വി പരിശീലന മേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പുസ്തക രൂപത്തിലാക്കി പുതുതലമുറയ്ക്ക് പുതിയ പാഠം പകര്‍ന്നു നല്‍കുകയാണ് മാവുങ്കാല്‍ പുതിയകണ്ടത്തെ സുഹാസ് കൃഷ്ണന്‍. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുകയും അവരെ സ്വയം തൊഴിലില്‍ പ്രാപ്തരാക്കുകയും ചെയ്ത അനുഭവവും സി.സി.ടി.വി രംഗത്തെ സാങ്കേതിക വിദ്യകളും പുതിയ തലമുറയ്ക്ക് കൈമാറുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന് പുറത്തും സുഹാസ് കൃഷ്ണന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു വരുന്നു. സി. സി.ടി.വി ഹാന്റ് ബുക്ക് എന്ന പേരിലാണ് പുസ്തകം ഇറങ്ങിയത്. പുസ്തക വണ്ടിയാണ് പുറത്തിറക്കുന്നത്. പുസ്തക വണ്ടിയുടെ അഞ്ചാമത്തെ പുസ്തകമാണിത്. സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്ന യൂണിയന്‍ ബാങ്കിന്റെ കീഴിലുള്ള വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ. സജിത്ത് കുമാര്‍ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷിന് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു ഇന്‍സ്‌റിറ്റിയൂട്ട് ഡയറക്ടര്‍ വി.പി ഗോപി അധ്യക്ഷത വഹിച്ചു.

ഹൊസ്ദുര്‍ഗ് എസ്.ഐ കെ. ശാര്‍ങ്ങാധരന്‍ മുഖ്യാതിഥിയായി. 65-ാം വയസില്‍ എം.എ പഠനം പൂര്‍ത്തിയാക്കിയ ബാലകൃഷ്ണന്‍ കുന്നുമ്മലിനെ ചടങ്ങില്‍ ആദരിച്ചു. പ്രദീപന്‍ കോതാേളി, വി.വി സജിത, പി.കെ നിഷാന്ത്, നബിന്‍ ഒടയംചാല്‍, എന്‍. അശോക്, മുഹമ്മദ് നിയാസ്, എം.കെ രജീഷ, ലിന്‍ഡ ലൂയിസ് പ്രസംഗിച്ചു.

Similar News