അറിവ് മാത്രം പോരാ; ഹൃദയം നിറയെ അലിവുണ്ടാവണം-ഫാ. ഡേവിസ് ചിറമേല്‍
തളങ്കര സ്കൂള്‍ '75 മേറ്റ്സ് സുവര്‍ണ ജൂബിലി ആഘോഷത്തിന് പ്രൗഢമായ തുടക്കം;
തളങ്കര ഗവ. മുസ്ലിം ഹൈസ്കൂള്‍ 1975 ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയായ '75 മേറ്റ്സിന്റെ സുവര്‍ണ ജൂബിലി ആഘോഷം റവ. ഫാദര്‍ ഡേവിസ് ചിറമേല്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: നല്ല അറിവുകള്‍ ഉണ്ടായത് കൊണ്ടായില്ലെന്നും ഹൃദയത്തില്‍ നിറയെ അലിവുണ്ടാവണമെന്നും അഖിലേന്ത്യാ കിഡ്നി ഫെഡറേഷന് ചെയര്മാന് റവ. ഫാദര്‍ ഡേവിസ് ചിറമേല്‍ പറഞ്ഞു. തളങ്കര ഗവ. മുസ്ലിം ഹൈസ്കൂള്‍ 1975 ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയായ '75 മേറ്റ്സ്' സുവര്‍ണ ജൂബിലി ആഘോഷം പുതിയ ബസ്സ്റ്റാന്റിലെ ആര്.കെ മാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലിവാര്‍ന്ന ഹൃദയങ്ങളുള്ള ഒരുകൂട്ടം പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് '75 മേറ്റ്സ്' എന്നും അവര്‍ നടത്തിയ സേവന പട്ടിക കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്നും ഫാദര്‍ പറഞ്ഞു. തന്നെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തു ഗുണം കിട്ടുമെന്ന് ഓരോരുത്തരും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ദു:ഖങ്ങളില്‍ അടയിരിക്കാതെ എല്ലാ പ്രതിസന്ധികളെയും തനിക്ക് മറിക്കടക്കാന്‍ കഴിയുമെന്ന് ജീവിതം കൊണ്ട് തെളിയിക്കാന്‍ കഴിയണം. 'നോ' എന്ന വാക്കിനര്‍ത്ഥം ഇല്ല എന്നും കഴിഞ്ഞുവെന്നും അല്ല. നെക്സ്റ്റ് ഓപ്പര്‍ച്യുണിറ്റി എന്നാണ് നോ എന്ന വാക്കിന്റെ പൂര്ണപദം. ഒരു വാതില്‍ അടഞ്ഞൂവെന്ന് കരുതി എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടതില്ലെന്നും അടുത്ത വാതിലിലൂടെ ലക്ഷ്യത്തിലേക്ക് നടന്നുകയറാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവ. ഫാദര്‍ ഡേവിസ് ചിറമേലിന്റെ സരസവും ഹൃദ്യവുമായ വാക്കുകള്‍ സദസിനെ വല്ലാതെ ആകര്‍ഷിച്ചു. '75 മേറ്റ്സ്' ചെയര്മാന് ടി.എ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.എ ഖാലിദ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ എം.എ ലത്തീഫ് സുവര്‍ണ ജൂബിലി ആഘോഷ പദ്ധതികള്‍ വിശദീകരിച്ചു. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, കാസര്‍കോട് നഗരസഭാ ചെയര്മാന് അബ്ബാസ് ബീഗം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കേന്ദ്ര സര്‍വ്വകലാശാല വിദ്യാഭ്യാസ വിഭാഗം തലവന്‍ ഡോ. മുഹമ്മദ് ഉണ്ണി എന്ന മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. പത്രപ്രവര്ത്തകന് ടി.എ ഷാഫി, മുന്‍ അധ്യാപകന് ടി.എ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കൂട്ടായ്മ ട്രഷറര്‍ എം.എ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. മീഡിയ കോര്‍ഡിനേറ്റര്‍ പി.എം കബീര്‍ നന്ദി പറഞ്ഞു. ഗോള്‍ഡന്‍ ജൂബിലി ലോഗോ തയ്യാറാക്കിയ ഹിബ മജീദിന് ഫാ. ഡേവിസ് ചിറമേല്‍ ഉപഹാരം സമ്മാനിച്ചു. പ്രൗഢമായ സദസ് ചടങ്ങിന് ഉണ്ടായിരുന്നു.
കാസര്‍കോട്ട് 'ഗ്രീന്‍ 75 മേറ്റ്സ് പാര്ക്കിന്' ശ്രമം നടത്തുമെന്ന് കൂട്ടായ്മ ചെയര്മാന്
കാസര്‍കോട്: '75 മേറ്റ്സ്' കൂട്ടായ്മയുടെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോടിന് ഒരു ഗ്രീന്‍ പാര്‍ക്ക് സമ്മാനിക്കാനൊരുങ്ങുന്നു. കൂട്ടായ്മ ചെയര്മാന് ടി.എ ഷാഹുല്‍ ഹമീദാണ് ഇക്കാര്യം അറിയിച്ചത്. '75 മേറ്റ്സ്' ഈ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ഗ്രീന്‍ 75 മേറ്റ്സ് പാര്‍ക്ക്' നിര്‍മ്മിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ റവ. ഫാദര്‍ ഡേവിസ് ചിറമേല്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള പ്രാസംഗികരും ഇക്കാര്യം ഏറ്റെടുത്ത് സംസാരിച്ചു. തുടര്‍ന്നാണ് ഇത്തരമൊരു പാര്ക്കിന് '75 മേറ്റ്സ്' ശ്രമം നടത്തുമെന്ന് ഷാഹുല്‍ ഹമീദ് വ്യക്തമാക്കിയത്.
നേരത്തെ പതിനായിരത്തോളം പേര് പങ്കെടുത്ത രണ്ട് മെഡിക്കല്‍ ക്യാമ്പുകളും കാസര്‍കോടിനെ പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റാനുള്ള 'ഗ്രീന്‍ കാസര്‍കോട്' പദ്ധതിയും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്-സാമ്പത്തിക സഹായ പദ്ധതിയും സൗജന്യ ആംബുലന്‍സ് പദ്ധതിയും നടപ്പിലാക്കി ഈ സഹപാഠി കൂട്ടായ്മ നാടിന്റെ അഭിനന്ദനവും കയ്യടിയും നേടിയിരുന്നു.