ആരോഗ്യം-ആനന്ദം വൈബ് 4 വെല്‍നെസ് കാമ്പയിന് ഉജ്ജ്വല തുടക്കം

Update: 2025-12-27 09:56 GMT

ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം-ആനന്ദം വൈബ് 4 വെല്‍നെസ് കാമ്പയിനിന്റെ ഭാഗമായുള്ള സമഗ്ര ബോധവല്‍ക്കരണ പ്രചാരണ പരിപാടി എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം-ആനന്ദം വൈബ് 4 വെല്‍നെസ് കാമ്പയിനിന്റെ ഭാഗമായുള്ള സമഗ്ര ബോധവല്‍ക്കരണ പ്രചാരണ പരിപാടിക്ക് മഞ്ചേശ്വരത്ത് ആവേശോജ്ജ്വല തുടക്കം. മഞ്ചേശ്വരം ഹൊസങ്കടി ടൗണില്‍ നടന്ന പരിപാടി എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് അംഗം ഷംസീന ജാസി, പഞ്ചായത്തിലെ മറ്റു വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (പൊതുജനാരോഗ്യം) ഡോ. ജെ. മണികണ്ഠന്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് രാജന്‍ സ്വാഗതവും ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സൈക്കിള്‍ റാലി, കൂട്ടയോട്ടം എന്നിവയുടെ ദീപശിഖ എ.കെ.എം അഷ്‌റഫ് എം.എല്‍.എ ചൈല്‍ഡ് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. യു.ആര്‍ രാഹുലിന് കൈമാറി. ചടങ്ങിനോടനുബന്ധിച്ചു നടത്തിയ ബോധവല്‍ക്കരണ റാലി, ദഫ്മുട്ട്, കോല്‍ക്കളി, ബാന്‍ഡ് മേളം എന്നിവയും ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് പ്രചരണ റാലി കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഉണ്ണിരാജ് വിശിഷ്ടാതിഥിയായി.


Similar News