ബേക്കല്‍ ബീച്ച് ഫെസ്റ്റിന് കാണികളുടെ ഒഴുക്ക്

Update: 2025-12-27 10:14 GMT

ബേക്കല്‍: ജില്ലയെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച് ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് മൂന്നാം പതിപ്പ് മുന്നേറുന്നു. ജില്ലയുടെ സാംസ്‌കാരിക മുഖഛായ പുതുക്കിക്കൊണ്ട്, ബഹുജന പങ്കാളിത്തത്തോടെ ഫെസ്റ്റ് ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ദിവസേന ബേക്കലിലേക്ക് ഒഴുകിയെത്തുന്നത്. ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ ഒരുക്കിയ മിനി സരസ് മേളയും മികച്ച ജനശ്രദ്ധ നേടിക്കൊണ്ട് മുന്നേറുകയാണ്. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ മൂന്നാം എഡിഷന്റെ ആറാം ദിനത്തില്‍ നടന്ന സാംസ്‌കാരിക സായാഹ്നത്തില്‍ പ്രശസ്ത നിരൂപകനും കേരള സാഹിത്യ അക്കാദമി അംഗവുമായ ഇ.പി രാജഗോപാലന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ.എ. ബക്കര്‍ എന്നിവര്‍ സംസാരിച്ചു. ഹാരിസ് തൊട്ടി സ്വാഗതവും മാധവ ബേക്കല്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് പ്രശസ്ത ഗായിക ആര്യ ദയാല്‍ നയിച്ച മ്യൂസിക്കല്‍ നൈറ്റ് കാണികളുടെ മനസ്സ് കീഴടക്കി. ഇന്ന് വൈകിട്ട് 6ന് ചെറുകഥാകൃത്ത് വി.എം മൃദുല്‍ സാംസ്‌കാരിക സായാഹ്നത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് രാത്രി സയനോര നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. രണ്ടാം വേദിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികളും നടക്കും. ഭക്ഷ്യമേളയും വിവിധ വിനോദ പരിപാടികളും എല്ലാ ദിവസവും സജീവമാണ്.

ബേക്കല്‍ ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം കാസര്‍കോട് സംഘടിപ്പിച്ചു വരുന്ന 'കെ.എല്‍ 14 ഇന്‍സ്‌പോ - മെയ്ഡ് ഇന്‍ കാസര്‍കോട്' വ്യവസായ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി മേളയിലെത്തുന്ന പൊതുജനങ്ങള്‍ക്ക് മണ്‍പാത്ര നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു.

മത്സരത്തിന്റെ ഉദ്ഘാടനം അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. അഞ്ച് മിനിറ്റ് നേരത്തിനുള്ളില്‍ ഏറ്റവും മികച്ച രീതിയില്‍ മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു മത്സരം. നിരവധിപേര്‍ മത്സരത്തില്‍ പങ്കെടുത്തു.

Similar News