എ.ഐ.എഫ്.എം.പി ദേശീയ വൈസ് പ്രസിഡണ്ട് മുജീബ് അഹ്മദിന് കാസര്‍കോടിന്റെ സ്‌നേഹാനുമോദനം
അഹ്മദ് മാഷില്‍ നിന്ന് പകര്‍ന്നുകിട്ടിയ നന്മകളെല്ലാം മുജീബ് അടയാളപ്പെടുത്തി -എം.എല്‍.എ.;
എ.ഐ.എഫ്.എം.പി ദേശീയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് അഹ്മദിന് കവി ടി. ഉബൈദ് കലാ സാഹിത്യ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ അനുമോദന ചടങ്ങില്‍ പ്രസിഡണ്ട് യഹ്‌യ തളങ്കര ഉപഹാരം നല്‍കുന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, റഹ്മാന്‍ തായലങ്ങാടി അടക്കമുള്ളവര്‍ സമീപം
കാസര്‍കോട്: ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് ദേശീയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് അഹ്മദിനെ കവി ടി. ഉബൈദ് കലാ സാഹിത്യ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ സിറ്റി ടവര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങില്‍ അനുമോദിച്ചു. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-അച്ചടി മേഖലകളിലെ നിരവധി പേര്‍ സംബന്ധിച്ചു. കാസര്‍കോടന്‍ ജനാവലിയുടെ പൗരസ്വീകരണം തന്നെയായി മാറി അനുമോദന ചടങ്ങ്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോടിന്റെ സര്‍വ്വ മേഖലകളെയും ജ്വലിപ്പിച്ച കെ.എം അഹ്മദ് മാഷില്‍ നിന്ന് പകര്‍ന്നുകിട്ടിയ നന്മകളെല്ലാം മകന്‍ മുജീബില്‍ നിന്നും അനുഭവിക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിയുന്നുണ്ടെന്നും ആരെയും വെറുപ്പിക്കാത്ത തികഞ്ഞ വിനയമാണ് മുജീബില്‍ കണ്ട വലിയ പ്രത്യേകതയെന്നും എം.എല്‍.എ പറഞ്ഞു. മുജീബിന്റെ സ്ഥാനലബ്ധി പ്രിന്റിംഗ് മേഖലക്ക് കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
പഠനകേന്ദ്രം പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. നമ്മുടെ കൂട്ടത്തിലൊരാള്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന കരുത്തുറ്റ ഒരു സംഘടനയുടെ അമരത്തെത്തിയതില്‍ കാസര്‍കോട് ഏറ്റവും സന്തോഷിക്കുന്ന ഒരു വേളയാണ് ഇതെന്നും അതുകൊണ്ടാണ് ഉബൈദ് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മുജീബ് അഹ്മദിന് ഇത്തരമൊരു പൗരസ്വീകരണം ഒരുക്കാന്‍ മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡണ്ടും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ റഹ്മാന്‍ തായലങ്ങാടി മുജീബിനെ സദസിന് പരിചയപ്പെടുത്തി. ഏറ്റെടുക്കുന്ന കാര്യങ്ങളോട് നീതി പുലര്‍ത്തുന്ന കാര്യത്തില്‍ മുജീബ് പൂര്‍ണ്ണ വിജയമാണെന്നും മുജീബിന്റെ സ്വഭാവ സവിശേഷത തന്നെയാണ് എല്ലാവര്‍ക്കും പ്രിയങ്കരനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. യഹ്‌യ തളങ്കര ഉപഹാരം നല്‍കി അനുമോദിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പൊന്നാടയണിയിച്ചു.
പഠനകേന്ദ്രം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി പി.എസ് ഹമീദ്, ജയറാം എം. നീലേശ്വരം, കെ.എസ് അന്‍വര്‍ സാദത്ത്, കെ.എം അബ്ബാസ്, എ.കെ ശ്യാംപ്രസാദ്, കെ.എം അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫലി ചേരങ്കൈ, അഡ്വ. വി.എം മുനീര്‍, റഹീം ചൂരി, നിസാര്‍ പെര്‍വാഡ്, മൊയ്‌നുദ്ദീന്‍, എരിയാല്‍ ഷെരീഫ്, ഫാറൂഖ് കാസിമി, ഷിഫാനി മുജീബ് പ്രസംഗിച്ചു. മുജീബ് അഹ്മദ് മറുപടി പ്രസംഗം നടത്തി. കാസര്‍കോട് ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് നല്‍കിയ ഈ അനുമോദനം തന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നുവെന്നും വലിയൊരു ഉത്തരവാദിത്വമാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന തികഞ്ഞ ബോധ്യത്തോടെ പ്രിന്റിംഗ് മേഖലയുടെയും പൊതുസമൂഹത്തിന്റെയും ക്ഷേമത്തിന് വേണ്ടി ഈ ഉത്തരവാദിത്വം പ്രയോജനപ്പെടുത്തുമെന്നും മുജീബ് അഹ്മദ് പറഞ്ഞു.