യേശുദാസിന്റെ ജന്മദിനം മൂകാംബിക ക്ഷേത്രത്തില്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതാര്‍ച്ചന

Update: 2026-01-03 10:21 GMT

കാസര്‍കോട്: ഗാനഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസിന്റെ 86-ാം ജന്മദിനത്തോടനുബന്ധിച്ച് 10ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടക്കും. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗീതാര്‍ച്ചനയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറോളം സംഗീതജ്ഞര്‍ സംബന്ധിക്കും. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ സന്ധ്യവരെ നീളുന്നതാണ് സംഗീതാര്‍ച്ചന. യേശുദാസിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് 2000ത്തിലാണ് മൂകാംബികാ സംഗീതാര്‍ച്ചന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഗീതാരാധനയ്ക്കു തുടക്കം കുറിച്ചത്. കാല്‍ നൂറ്റാണ്ടിലേറെയായി മുടക്കമില്ലാതെ നടക്കുന്ന സംഗീതാര്‍ച്ചന കേരളത്തിനകത്തും പുറത്തുമുള്ള സംഗീതാസ്വാദകരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനോടൊപ്പം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി പ്രഭാകരന്‍, പൊതുപ്രവര്‍ത്തകന്‍ സന്തോഷ് കമ്പല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന മൂകാംബികാ സംഗീതാരാധനാ സമിതി സംഗീത രംഗത്തും ജീവകാരുണ്യ രംഗത്തും നൂതന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10ന് സംഗീതാര്‍ച്ചനാ വേളയില്‍ ഇതിന്റെ പ്രഖ്യാപനം നടത്തും.

പത്രസമ്മേളനത്തില്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍, വി.വി പ്രഭാകരന്‍, സന്തോഷ് കമ്പല്ലൂര്‍ സംബന്ധിച്ചു.

Similar News