ചാറ്റ് നോട്ടിഫിക്കേഷന്‍ ഇനി നിയന്ത്രിക്കാം: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
വാട്‌സ്ആപ്പ് ചാറ്റ് നോട്ടിഫിക്കേഷനില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചു. പുതിയ അപ്‌ഡേറ്റിലൂടെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷനില്‍ നിയന്ത്രണം ഏര്‍പ്പെടുത്താം. വാട്ട്സ്ആപ്പ് 2.25.4.20 പതിപ്പിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഹോം സ്‌ക്രീനില്‍ അവരുടെ ചാറ്റ് നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കാം. നിലവില്‍, ഉപയോക്താക്കള്‍ ആപ്പ് തുറക്കുമ്പോള്‍ നോട്ടിഫിക്കേഷന്റെ എണ്ണം പൂജ്യത്തിലേക്ക് പുനഃക്രമീകരിക്കുന്നു. ഇത് ആപ്പിനെ ഹോം സ്‌ക്രീനില്‍ ക്ലിയര്‍ ബാഡ്ജിലൂടെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ നിലനിര്‍ത്തുന്നു. ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ വായിക്കാത്ത സന്ദേശങ്ങളും മിസ്ഡ് കോളുകളും തുറന്ന് നോക്കുന്നതുവരെ നോട്ടിഫിക്കേഷന്‍ ഹോം സ്‌ക്രീനില്‍ തുടരാന്‍ അനുവദിക്കാം. ടോഗിള്‍ ഫീച്ചറിലൂടെ ഇത് ക്രമീകരിക്കാനാവും. ടോഗിള്‍ ഓണാക്കിയാല്‍, കാണാത്ത എല്ലാ സന്ദേശങ്ങളും തുറന്നുനോക്കുന്നതു വരെ ഹോം സ്‌ക്രീന്‍ നോട്ടിഫിക്കേഷനായി നിലനില്‍ക്കും. ടോഗിള്‍ ഓഫാണെങ്കില്‍, ആപ്പ് തുറക്കുമ്പോഴെല്ലാം എണ്ണം റീസെറ്റ് ചെയ്യും. ഹോം സ്‌ക്രീന്‍ ചാറ്റ് അറിയിപ്പുകള്‍ക്കായുള്ള ഈ പുതിയ ഫീച്ചര്‍ നിലവില്‍ വാട്ട്സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഭാവിയില്‍ ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.