കരുതിയിരിക്കുക ഈ ആപ്പുകളെ..! സൈബര്‍ കുറ്റവാളികളെ അകറ്റി നിര്‍ത്താം
ആപ്പുകളില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ ചിന്തിക്കാന്‍ പോലുമാവില്ല അല്ലേ. നിത്യ ജീവിതത്തിലെ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ നിരവധി ആപ്പുകളാണ് നമ്മള്‍ പ്ലേ സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന അപകടസാധ്യതയുള്ള പല ആപ്പുകളും നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. സമീപകാലത്ത് രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടാന്‍ ഒരു കാരണം ഇത്തരം ആപ്പുകളും കൂടിയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് നേരിട്ട് വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിവുള്ള മാല്‍വെയറുകള്‍ നിരവധി ആപ്പുകള്‍ക്കൊപ്പം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സൈബര്‍ കുറ്റവാളികള്‍ക്ക് എളുപ്പം ശേഖരിക്കാനാവും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നിരവധി ലോണ്‍ ആപ്പുകളാണ് അടുത്തിടെ പിന്‍വലിച്ചത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്ത ഈ ആപ്പുകള്‍ പേരുകള്‍, വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പോലുള്ള നിര്‍ണായക ഉപയോക്തൃ ഡാറ്റ മോഷ്ടിക്കമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ആപ്പുകള്‍ പിന്‍വലിച്ചത്. ഒപ്പം നിരവധി ഫോട്ടോ എഡിറ്റിംഗ് ആപ്പുകളിലും ഹാക്കര്‍മാര്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാല്‍വെയര്‍ ഉള്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മൊബൈല്‍ ഫോണില്‍ ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അവ ഉടനടി നീക്കണം. ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്ത് വെബ്സൈറ്റുകളിലൂടെയോ എ.പി.കെ ലിങ്കുകളിലൂടെയോ വാട്‌സ്ആപ്പ് വഴിയോ സന്ദേശങ്ങളിലൂടെയോ ലഭിക്കുന്ന ലിങ്കുകള്‍ വഴിയോ ഡൗണ്‍ലോഡ് ചെയ്യുന്നവയാണ് മൂന്നാം കക്ഷി ആപ്പുകള്‍.ഈ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവയാണ്.
ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഘട്ടത്തില്‍ ''Unknown Source App Installation' ഫീച്ചര്‍ ഫോണില്‍ ഓണ്‍ ചെയ്യാന്‍ നിര്‍ദേശം ലഭിക്കും. ഇത് പലപ്പോഴും ഉപയോക്താക്കള്‍ ഓണ്‍ ചെയ്യുന്നതിലൂടെ സൈബര്‍ കുറ്റവാളികള്‍ക്ക് വാതില്‍ തുറന്നിടകുയാണ്.
ഉടനടി വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ആപ്പുകളിലൂടെ ആധാര്‍ കാര്‍ഡുകള്‍, പാന്‍ കാര്‍ഡുകള്‍ അല്ലെങ്കില്‍ വിലാസങ്ങള്‍ പോലുള്ള സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന കമ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കുക. പരിശോധിച്ചുറപ്പിക്കാത്ത ഇത്തരം ലോണ്‍ ആപ്പുകള്‍ അബദ്ധവശാല്‍ പോലും ഇത്തരം ഇന്‍സ്റ്റാള്‍ ചെയ്യുന്നത്, സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളിലേക്കെത്തിക്കാനുള്ള കാരണമായി മാറും.