വിക്ഷേപണത്തിന്റെ സെഞ്ച്വറി നിറവില്‍ ഇസ്രോ; എന്‍.വി.എസ് -02 ഭ്രമണപഥത്തില്‍

Update: 2025-01-29 07:56 GMT

ശ്രീഹരിക്കോട്ട: വിക്ഷേപണത്തറയില്‍ നിന്ന് എന്‍.വി.എസ് 02 ഗതിനിര്‍ണയവുമായി ജി.എസ്.എല്‍.വി എഫ്-15 കുതിച്ചുയര്‍ന്നപ്പോള്‍ ചരിത്രത്തിലേക്കു കൂടിയുള്ള വിക്ഷേപണമായി മാറുകയായിരുന്നു അത്. ഇന്ത്യയുടെ നൂറാം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായി. എന്‍.വി.എസ് 02 വിജയകരമായി ഭ്രമണപഥത്തിലെത്തി. ഇന്ന് രാവിലെ 6.23ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി വി നാരായണന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമെന്ന പ്രത്യേകതയും ഇന്നത്തെ വിക്ഷേപണത്തിനുണ്ട്. മിഷന്‍ ഡയറക്ടര്‍ മലയാളിയായ തോമസ് കുര്യന്‍ ആണെന്നത് മലയാളികള്‍ക്ക് ഇരട്ടി അഭിമാനം നല്‍കുകയാണ്.

 നൂറാം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് രംഗത്തെത്തി. 'ശ്രീഹരിക്കോട്ടയിലെ ചരിത്ര നേട്ടത്തിന് അഭിനന്ദനങ്ങള്‍. എന്‍വിഎസ്-02 വിക്ഷേപണത്തോടെ ഇസ്രോ ഒരിക്കല്‍കൂടി രാജ്യത്തിന് അഭിമാനം സമ്മാനിച്ചു. വിക്രം സാരാഭായിയും സതീഷ് ധവാനും മറ്റു ചുരുക്കമാളുകളും ചേര്‍ന്ന് തുടക്കമിട്ട അവിസ്മരണീയ യാത്രയുടെയും കുതിപ്പിന്റെയും കഥയാണ് ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണ വിജയം വ്യക്തമാക്കുന്നതെന്നും' മന്ത്രി എക്സില്‍ കുറിച്ചു.

Similar News