ലോകത്തിലെ ആദ്യ മനുഷ്യ-റോബോട്ട് മാരത്തണ്‍ ചൈനയില്‍; റോബോട്ടുകള്‍ക്കൊപ്പം ഓടുന്നത് 12,000 അത്‌ലറ്റുകള്‍
ബീജിംഗ്: മനുഷ്യരും റോബോട്ടുകളും പങ്കെടുക്കുന്ന ലോകത്തിലെ ആദ്യത്തെ മാരത്തണിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ചൈന. ആഗസ്റ്റില്‍ ബെയ്ജിംഗിലെ ഡാക്സിംഗ് ജില്ലയിലാണ് ചരിത്ര സംഭവം അരങ്ങേറാന്‍ പോകുന്നത്. ഹാഫ് മാരത്തണില്‍ 12,000 മനുഷ്യ അത്ലറ്റുകള്‍ ഹ്യൂമനോയിഡ് റോബോട്ടുകള്‍ക്കൊപ്പം ആവേശകരമായ 21 കിലോമീറ്റര്‍ ഓട്ടത്തില്‍ മത്സരിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും.
ബീജിംഗ് ഇക്കണോമിക്-ടെക്നോളജിക്കല്‍ ഡെവലപ്മെന്റ് ഏരിയ അഥവാ ഇ-ടൗണിന്റെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം സംഘടിപ്പിക്കുന്ന മാരത്തണില്‍ 20-ലധികം കമ്പനികള്‍ വികസിപ്പിച്ച റോബോട്ടുകള്‍ പങ്കെടുക്കും. റോബോട്ടുകളില്‍ ചക്രങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം രണ്ട് കാലുകളില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നതുപോലെയുള്ള ചലനങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവുള്ള ഒരു ഹ്യൂമനോയിഡ് ഫോം സംവിധാനമായിരിക്കും ഒരുക്കുക.
ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, റോബോട്ടുകള്‍ക്ക് 0.5 മീറ്ററിനും 2 മീറ്ററിനും ഇടയില്‍ ഉയരം ഉണ്ടായിരിക്കണം, ഇടുപ്പ് ജോയിന്റില്‍ നിന്ന് പാദത്തിന്റെ അടിഭാഗത്തേക്ക് 0.45 മീറ്ററാണ് ഏറ്റവും കുറഞ്ഞ ദൂരം. റിമോട്ട് നിയന്ത്രിതവും പൂര്‍ണ്ണമായും സ്വയംഭരണാധികാരമുള്ളതുമായ റോബോട്ടുകള്‍ക്ക് മത്സരിക്കാന്‍ അര്‍ഹതയുണ്ടാവും. ആവശ്യമെങ്കില്‍ ഓട്ടത്തിനിടയില്‍ ബാറ്ററികള്‍ മാറ്റിസ്ഥാപിക്കാന്‍ ഓപ്പറേറ്റര്‍മാരെ അനുവദിക്കും.
ചൈനയുടെ എംബോഡിഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിക്സ് ഇന്നൊവേഷന്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത ഹ്യൂമനോയിഡ് റോബോട്ടായ 'ടിയാന്‍ഗോങ്' ആണ് മാരത്തണിലെ പ്രതീക്ഷ . ടിയാന്‍ഗോങ്ങിന് മണിക്കൂറില്‍ ശരാശരി 10 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും, കഴിഞ്ഞ വര്‍ഷം ബീജിംഗിലെ യിജുവാങ് ഹാഫ് മാരത്തണില്‍ മനുഷ്യ എതിരാളികളോടൊപ്പം ഓടി ടിയാന്‍ഗോങ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നിരുന്നാലും, മാരത്തണില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഹ്യൂമനോയിഡ് റോബോട്ടുകള്‍ ആദ്യമായി മത്സരിക്കുന്നത് ഇതാദ്യമാണ്.
ചൈനയുടെ ജനസംഖ്യാപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ഒരു വലിയ സംരംഭത്തിന്റെ ഭാഗമായാണ് കായിക മത്സരങ്ങളില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ അവതരിപ്പിക്കുന്നത്. കൂടുന്ന ജനസംഖ്യയും കുറയുന്ന തൊഴില്‍ ശക്തിയും ഉള്ളതിനാല്‍, ചൈന അതിന്റെ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ ഓട്ടോമേഷനിലും റോബോട്ടിക്‌സിലും വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഹ്യൂമനോയിഡ് റോബോട്ടുകള്‍ സ്വാശ്രയത്വം കൈവരിക്കുന്നതിനും രാജ്യത്തിന്റെ മത്സരാധിഷ്ഠിത നേട്ടം വര്‍ദ്ധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച് അമേരിക്കയുമായുള്ള മത്സരത്തിന്റെ പശ്ചാത്തലത്തില്‍.
2023-ല്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റോബോട്ടിക്സിന്റെ കണക്കനുസരിച്ച്, 276,288 റോബോട്ടുകളെ വിന്യസിച്ചിട്ടുള്ള ലോകത്തിലെ മൊത്തം റോബോട്ട് ഇന്‍സ്റ്റാളേഷനുകളുടെ 51% ചൈനയിലാണ്.