ഐഫോണ്‍ 16ഇ വിപണിയില്‍; ബജറ്റ് കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ട് പുതിയ മോഡല്‍

Update: 2025-02-20 08:16 GMT

കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കില്‍ ടിം കുക്കും ടീമും ലോകത്തിന് മുന്നില്‍ ഏറ്റവും പുതിയ ഐഫോണ്‍ മോഡല്‍ 16ഇ അവതരിപ്പിച്ചു. ഐഫോണ്‍ എസ്.ഇ 4 കാത്തിരുന്നവര്‍ക്ക് 16ഇ ആണ് വിപണിയിലിറക്കിയിരിക്കുന്നത്. മികച്ച ബാറ്ററിയും അതിവേഗ പ്രകടനവും എ18 ചിപ്പും ഉള്‍പ്പെടെ കുറഞ്ഞ ബജറ്റില്‍ നിരവധി ഫീച്ചറുകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുള്ള 16ഇ ബജറ്റ് ഫ്രണ്ട്‌ലി ആകുന്നു എന്നതാണ് ആകര്‍ഷണം. ഇതുവരെ 15 പ്രോയിലും പ്രോ മാക്‌സിലും 16ലുമാണ് ആപ്പിള്‍ ഇന്റലിജന്‍സ് സൗകര്യം ലഭ്യമായിരുന്നത്.

ബാറ്ററി ലൈഫ് കുറയുന്നു എന്ന പരാതിക്കിട നല്‍കില്ല പുതിയ മോഡല്‍ എന്നാണ് അവകാശവാദം. 12 മണിക്കൂറിലധികം ബാറ്ററി ലൈഫ് കിട്ടുന്നതിനൊപ്പം 26 മണിക്കൂറിന്റെ വീഡിയോ പ്ലേ ബാക്കും ലഭ്യമാകും. ഐഫോണ്‍ 11നേക്കാള്‍ ആറ് മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ് 6.1 ഇഞ്ച് ഡിസ്‌പ്ലേ ഫോണില്‍ ലഭ്യമാകും. എ18 ചിപ്പാണ് എസ്.ഇ 16യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി 21 മുതല്‍ പ്രീ ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി 28ന് ലഭ്യമായിത്തുടങ്ങും. 512 ജിബി വരെ മെമ്മറി സ്റ്റോറേജുള്ള 16ഇ യില്‍ 48 എംപി സിംഗിള്‍ റീയര്‍ ഫ്യൂഷന്‍ ക്യാമറ, 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ, ഫേസ് ഐഡി, ആക്ഷന്‍ ബട്ടണ്‍, ആപ്പിളിന്റെ സ്വന്തം 5ജി മോഡം, ഉപഗ്രഹ സേവനം, തുടങ്ങി വമ്പന്‍ അപ്‌ഗ്രേഡുകളാണുള്ളത്.

കറുപ്പും വെളുപ്പും നിറങ്ങളിലുള്ള രണ്ട് മാറ്റ് ഫിനിഷുകളില്‍ ഐഫോണ്‍ 16ഇ ലഭ്യമാകും. അതായത് ഐഫോണ്‍ 16ഇ വെള്ള, കറുപ്പ് നിറങ്ങളില്‍ 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് കപ്പാസിറ്റികളില്‍ ലഭ്യമാകും, 59900 രൂപ മുതല്‍ ആരംഭിക്കുന്നു. ഐഫോണ്‍ 16ഇ-യുടെ 256 ജിബി സ്റ്റോറേജ് മോഡലിന് 69,900 രൂപയും 512 ജിബി സ്റ്റോറേജ് മോഡലിന് 89,900 രൂപയുമാണ് വില.

Similar News