ബിജു മാഷെ ഓർക്കുമ്പോൾ ...

Update: 2025-03-15 11:15 GMT

ബിജു മാഷുമായുള്ള എന്റെ പരിചയം തുടങ്ങുന്നത് ജി.എച്ച്.എസ്.എസ് പെരിയയില്‍ നിന്നുമാണ്. ഏഴാംതരം പഠിക്കുന്ന കാലം തൊട്ടേ മലയാളത്തിലെ വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു കവി അവിടെ അധ്യാപകനായി ഉണ്ടെന്ന് ഉഷ ടീച്ചര്‍ പറഞ്ഞറിയാം. എട്ടാം തരത്തില്‍ എത്തിയപ്പോള്‍ എന്റെ ഭാഗ്യത്തിന് അദ്ദേഹത്തെ എനിക്ക് ക്ലാസ് ടീച്ചറായി തന്നെ ലഭിച്ചു. പിന്നീടങ്ങോട്ട് എഴുതിയ സാധനങ്ങളൊക്കെ എടുത്ത് സ്റ്റാഫ് റൂമില്‍ പോയി മാഷിനെ കാണുക പതിവായി. ഒരു നോട്ടുബുക്ക് നിറയെ കഥയും കവിതയും പകര്‍ത്തി എഴുതിക്കൊണ്ട് ഞാന്‍ അദ്ദേഹത്തെ നിരന്തരം 'ബുദ്ധിമുട്ടിക്കാന്‍' തുടങ്ങി. അത് വായിച്ചു നോക്കി അദ്ദേഹം ഫ്രീയായി ഒരു ഉപദേശം തന്നു. 'പുതിയ സാധനങ്ങള്‍ ഒരുപാട് വായിക്കൂ... ഇപ്പോ വായിക്കാന്‍ പറ്റിയ പ്രായമാണ്. എന്നിട്ട് പിന്നീട് എഴുതാന്‍ തോന്നുന്നുണ്ടെങ്കില്‍ എഴുതൂ...' എനിക്ക് അത് നന്നായി ബോധിച്ചു പുല്ലൂര്‍ എ.കെ.ജി ഗ്രന്ഥാലയത്തില്‍ അന്ന് (ഇന്നും) വലിയ പുസ്തക ശേഖരമുണ്ട്. അവിടെ നിന്ന് കഥകളും കവിതകളും നോവലുകളും ഒക്കെ മാറിമാറി വായിച്ചു. സംശയങ്ങള്‍ വരുമ്പോള്‍ മാഷിനോട് ചോദിച്ചു. അദ്ദേഹം അത് തീര്‍ത്തു തരുന്നതിനോടൊപ്പം വായിച്ചിരിക്കേണ്ട ഒരുപാട് പുതിയ പുസ്തകങ്ങള്‍ (പ്രത്യേകിച്ചും കവിതകള്‍) വളരെ ഉത്സാഹത്തോടെ പറഞ്ഞു തന്നു. കവി ഡി. അനില്‍ കുമാര്‍, പി. രാമന്‍ മാഷ് തുടങ്ങിയ കവികളിലേക്ക് എന്റെ വായന എത്തുന്നത് അങ്ങനെയാണ്. എട്ടാം തരത്തിന്റെ സിംഹഭാഗവും ഞാന്‍ പുസ്തകങ്ങള്‍ വായിച്ചു കഴിച്ചുകൂട്ടി. അക്കാലത്ത് ഞാന്‍ എഴുതിയ സാധനങ്ങള്‍ക്ക് മുമ്പ് എഴുതിയതില്‍ നിന്നും ഒരുപാട് വ്യത്യാസം വന്നതായി മനസ്സിലായി. അവ മാഷിനെ കാണിച്ചു. രചനകള്‍ മാഷിന് ഇഷ്ടമായി. ചെറിയ ചില തിരുത്തലുകളോടുകൂടി മാതൃഭൂമി ആഴ്ചപതിപ്പിന്റെ ബാല പംക്തിയിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിച്ചു. മൂന്നുമാസം മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ. എന്റെ 'ഒളിത്തവളങ്ങള്‍' എന്ന കവിത മാതൃഭൂമിയില്‍ അച്ചടിച്ചു വന്നു. കവിത വന്ന കാര്യം ഞാന്‍ അറിയുന്നത് തന്നെ മാഷ് പറയുമ്പോഴായിരുന്നു. കവി ദിവാകരന്‍ വിഷ്ണുമംഗലമാണ് മാഷിനോട് അക്കാര്യം സൂചിപ്പിച്ചത്. ഒരാഴ്ച പതിപ്പില്‍ അച്ചടിച്ചു വന്ന എന്റെ ആദ്യ കവിതയും അതുതന്നെയാണ് എന്നാണ് ഓര്‍മ്മ.

കവിത തോറ്റവന്റേതാണ്...

രാവണീശ്വരം സ്‌കൂളില്‍ ഉപജില്ല കലോത്സവത്തിന് മാഷിന്റെ കൂടെയായിരുന്നു ഞാന്‍ മത്സരത്തിന് പോയത്. കലോത്സവത്തേക്കാള്‍ ഞാന്‍ ഇഷ്ടപ്പെട്ടത് മാഷിന്റെ കൂടെയുള്ള യാത്രയാണ്. എന്റെ മത്സരങ്ങള്‍ ആദ്യമേ കഴിഞ്ഞതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും നേരത്തെ തിരിച്ചു. യാത്രക്കിടയില്‍ ഒരുപാട് സംസാരിച്ചു. സന്തോഷമുള്ള മടക്കം.

രണ്ടുദിവസം കഴിഞ്ഞ്, മത്സരഫലം വന്നു. എനിക്ക് ഒന്നും കിട്ടിയില്ല. ഞാന്‍ ആകെ സങ്കടത്തിലായി. മാഷ് വിളിച്ചപ്പോള്‍ ഒന്നേ പറഞ്ഞുള്ളൂ 'നിന്റെ സമയം വരും കാത്തിരിക്കണം.' അതുകഴിഞ്ഞ് പിറ്റേ ആഴ്ചയിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ എന്റെ കവിതയുണ്ടായിരുന്നു. അതും ഞങ്ങളെ അറിയിച്ചത് കവി ദിവാകരന്‍ വിഷ്ണുമംഗലമായിരുന്നു. അന്ന് മാഷ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു 'അശ്വിന്റെ കവിത മാതൃഭൂമിയില്‍. കവിത തോറ്റവന്റേതാണ്...' പില്‍ക്കാലത്ത് ഒമ്പതോളം കവിതകള്‍ പല സമയങ്ങളിലായി മാതൃഭൂമിയില്‍ വെളിച്ചം കണ്ടു. എല്ലാത്തിനും മാഷിന്റെ തിരുത്തലുകള്‍ക്ക് പാത്രമാവാനായി.

ഞാന്‍ ബിജു മാഷിന്റെ ശിഷ്യനാണ്...

ഒന്‍പതാം ക്ലാസില്‍ എത്തുമ്പോഴേക്കും എനിക്ക് അദ്ദേഹത്തിന്റെ അരുമ ശിഷ്യനാവാന്‍ കഴിഞ്ഞു. പുസ്തകങ്ങളില്‍ മാത്രം വായിച്ചു പരിചയമുള്ള എഴുത്തുകാരെ കാഞ്ഞങ്ങാട് കാവ്യോത്സവത്തില്‍ നേരിട്ടു കാണുമ്പോള്‍ വളരെ ആകാംക്ഷയോടെ അവരെ പരിചയപ്പെടാന്‍ പോകും. എല്ലാവരോടുമുള്ള എന്റെ ആദ്യ മുഖവുര ഒന്നുതന്നെയായിരുന്നു. ഞാന്‍ ബിജു കാഞ്ഞങ്ങാടിന്റെ ശിഷ്യനാണ്. ഇന്നും എനിക്ക് പരിചയമില്ലാത്ത ഒരു എഴുത്തു കൂട്ടത്തില്‍ എത്തിയാല്‍ ഞാന്‍ എന്നെ പരിചയപ്പെടുത്തുന്ന വിധത്തില്‍ മാറ്റമില്ല.

കണ്ണൂര്‍ ആകാശവാണിയില്‍ കഥകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടെന്ന് എന്നെ ആദ്യമായി അറിയിച്ചത് മാഷാണ്. ഇപ്പോഴും ഒരുപിടി നല്ല കഥകള്‍ അവിടെ ചെന്ന് അവതരിപ്പിക്കാന്‍ അവസരം കിട്ടുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നതും മാഷിനെയാണ്.

അപാരമായ വായനക്കാരന്‍

നല്ലൊരു വായനക്കാരന് മാത്രമേ ഒരു ശരാശരി എഴുത്തുകാരനാവാന്‍ പറ്റൂ എന്നതാണ് ബിജു മാഷില്‍ നിന്നും ഞാന്‍ പഠിച്ച ആദ്യ പാഠം. ഇരിക്കുമ്പോഴും നടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും അദ്ദേഹം പുസ്തകങ്ങള്‍ വായിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. മൂലകണ്ടത്തെ വാടകവീട്ടിലെ മുറിയില്‍ വീട്ട് സാധനങ്ങളേക്കാള്‍ അലമാരകളില്‍ ഭദ്രമായി വെച്ചിരിക്കുന്ന പുസ്തകങ്ങളായിരുന്നു അധികവും. മാഷുമായി വളരെ അടുപ്പമുള്ളവര്‍ക്ക് മാത്രമേ അദ്ദേഹം പേഴ്സണല്‍ കോപ്പികള്‍ വായിക്കാന്‍ കൊടുക്കാറുള്ളൂ. ടാഗോറിനേയും റോബര്‍ട്ട് ഫ്രോസ്റ്റിനെയും കുഞ്ഞിരാമന്‍ നായരെയും ഞാന്‍ വായിച്ചത് അങ്ങനെയാണ്. പുസ്തകം വായിക്കുമ്പോള്‍ അത് ബൈന്റ് ചെയ്യണം, പേജുകള്‍ മടക്കരുത്, വരികള്‍ക്കടിയില്‍ വരയ്ക്കരുത് ഇങ്ങനെ ഒരുപാട് മുന്നറിയിപ്പുകള്‍ പുസ്തകത്തോടൊപ്പം അദ്ദേഹം കൈമാറും. ഒരാഴ്ചയില്‍ കൂടുതല്‍ പുസ്തകം കയ്യില്‍ വെക്കാന്‍ സാധ്യമല്ല. സമയപരിധി കഴിഞ്ഞാല്‍ ദിവസത്തില്‍ ഒരു തവണ വിളിക്കുന്നയാള്‍ രണ്ടോ മൂന്നോ തവണ വിളിച്ച് ഓര്‍മ്മിപ്പിക്കും. അത്രമേല്‍ അദ്ദേഹം പുസ്തകങ്ങളെ സ്നേഹിക്കുകയും കൊണ്ടുനടക്കുകയും ചെയ്തു.

കുറുക്കന്റെ കല്യാണം കാണാനിറയത്ത് വന്നിരിക്കുന്ന കുട്ടികള്‍...

2020ലാണ് എനിക്ക് പുലിറ്റ്സര്‍ ബുക്സിന്റെ പുലിറ്റ്സര്‍ കവിത അവാര്‍ഡ് ജൂറി പരാമര്‍ശം ലഭിക്കുന്നത്. പുരസ്‌കാര നിര്‍ണയത്തില്‍ അവസാന റൗണ്ടില്‍ എത്തിയ കവിതകള്‍ അവര്‍ തന്നെ പുസ്തകമായി ഇറക്കാന്‍ സന്നദ്ധത അറിയിച്ചു. അപ്പോഴും ഞാന്‍ ആദ്യം അനുവാദം തേടിയത് മാഷിനോടായിരുന്നു. അദ്ദേഹം എതിരു പറഞ്ഞില്ല. എന്നാല്‍ പിന്നീട് ഒരിക്കല്‍ കുറച്ചുകൂടി കാത്തിരുന്നിരുന്നെങ്കില്‍ നിനക്ക് കുറെ കൂടി വലിയ പുസ്തകമായി അത് ചെയ്യാമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. എനിക്കും അത് തോന്നാതിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് മാഷിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വന്ന ഓര്‍മ്മകളില്‍ ഒന്നിതായിരുന്നു. 'ഞാന്‍ പകര്‍ത്തിയ പെണ്‍കുട്ടി' എന്ന ആ കവിത സമാഹാരത്തിന് 'കുറുക്കന്റെ കല്യാണം കാണാന്‍ ഇറങ്ങിയത് വന്നിരിക്കുന്ന കുട്ടികള്‍' എന്ന പേരില്‍ അവതാരിക എഴുതി തന്നത് അദ്ദേഹമായിരുന്നു. ഞാന്‍ ആ പുസ്തകം സമര്‍പ്പിച്ചതും മാഷിനായിരുന്നു. പുസ്തകമിറക്കാന്‍ കുറച്ചുകൂടി കാത്തിരുന്നുവെങ്കില്‍ ഇവ എനിക്ക് കിട്ടില്ലായിരുന്നു.

എനിക്ക് വേറെ നിര്‍വാഹമില്ലായിരുന്നു...

ഞാന്‍ തിരുവനന്തപുരത്ത് ഡിഗ്രി ചെയ്യുന്ന സമയം. കവി ഡി. അനില്‍കുമാറിന്റെ ഫോണ്‍വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. 'ബിജു മാഷിന് എന്തുപറ്റി അശ്വിന്‍ എന്നായിരുന്നു ആദ്യ ചോദ്യം' ഞാന്‍ കാര്യം അറിഞ്ഞിട്ടില്ല എന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞു. 'മാഷ് പോയി'. അങ്ങനെ ഒരു മറുപടി ഞാന്‍ തീരെ പ്രതീക്ഷിച്ചതല്ല. പിന്നീട് ഫോണ്‍ തുറക്കുമ്പോള്‍ സ്റ്റാറ്റസുകളില്‍ മുഴുവന്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുള്ള പോസ്റ്റുകളായിരുന്നു. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ബോഡി ഇന്ന് തന്നെ എടുക്കും എന്ന് അറിഞ്ഞു. പരീക്ഷയെഴുതാതെ നാട്ടിലേക്ക് തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ സംസ്‌കാരത്തിന് മുമ്പ് എങ്ങനെയായാലും എനിക്ക് കാഞ്ഞങ്ങാട് എത്താന്‍ പറ്റില്ല എന്ന് മനസ്സിലായി. ഞാന്‍ നാട്ടിലേക്ക് പോയില്ല. എനിക്ക് വേറെ നിര്‍വാഹമില്ലായിരുന്നു. പരീക്ഷ കഴിഞ്ഞന്ന് തന്നെ കാഞ്ഞങ്ങാട്ടേക്ക് വണ്ടി കയറി. മാഷിന്റെ വീട്ടില്‍ ചെന്ന് ഗ്രീഷ്മ ടീച്ചറെ കണ്ടു.

അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞതും മാതൃഭൂമിയില്‍ നിന്നും സുഭാഷ് ചന്ദ്രന്റെ ഫോണ്‍ വന്നു. മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് എന്റെ 'ഒറ്റ്' എന്ന കഥക്കാണെന്ന് അദ്ദേഹം അറിയിച്ചപ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വന്നത് ബിജു മാഷിനെയാണ്. വിഷുപ്പതിപ്പിന് കൊടുത്ത അഭിമുഖത്തില്‍ പുരസ്‌കാരം ഞാന്‍ ബിജു മാഷിന് സമര്‍പ്പിച്ചു. എനിക്ക് അദ്ദേഹത്തിനായി വേറെ എന്ത് ചെയ്യാനാവും. മാതൃഭൂമിയില്‍ അച്ചടിച്ചുവരുന്ന എന്റെ ആദ്യ കഥയും അതുതന്നെയായിരുന്നു.

അടുത്തവര്‍ഷം യുവകലാസഹിതി ഏര്‍പ്പെടുത്തിയ പ്രഥമ ബിജു കാഞ്ഞങ്ങാട് കവിത പുരസ്‌കാരം എനിക്ക് ലഭിച്ചു. ബിജു മാഷിന് ഏറ്റവും പ്രിയപ്പെട്ട ഒരു മനുഷ്യന്‍ പി. കുഞ്ഞിരാമന്‍ നായരായിരുന്നു. പി.യുടെ പേരിലുള്ള കവിത അവാര്‍ഡ് ലഭിച്ചപ്പോള്‍ മാഷിന് വലിയ സന്തോഷമായി. പില്‍ക്കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം എന്നിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ ഒരു വൃത്തം പൂര്‍ത്തിയായി. മാഷിന്റെ കവിതകള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു വായിച്ച വര്‍ഷമാണിത്. അദ്ദേഹത്തെ ഓര്‍ക്കാന്‍ എനിക്ക് മറ്റെന്ത് ചെയ്യാനാവും...

Similar News