ക്യാപ്റ്റന്‍ കെ.എം.കെ നമ്പ്യാര്‍ ഇനി ഓര്‍മ്മ

By :  Sub Editor
Update: 2025-03-10 09:13 GMT

കാസര്‍കോട്: സ്വാതന്ത്ര്യസമര സേനാനി കെ.എം.കെ. നമ്പ്യാര്‍ എന്ന കെ.എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍(87) ഇനി ഓര്‍മ്മ. മൃതദേഹം ഇന്ന് രാവിലെ കേളുഗുഡ്ഡെയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വിലാപയാത്രയായി തറവാടായ കൂത്തുപറമ്പ് പടുവിലായിലേക്ക് കൊണ്ടുപോയി. പനിയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. കണ്ണൂര്‍ മങ്ങാട്ടിടം കോയിലോട് തറവാട്ട് പറമ്പില്‍ ഇന്നുച്ചയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റനുമായിരുന്ന കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ഉപ്പുസത്യഗ്രഹത്തിലും വിദേശവസ്ത്ര ബഹിഷ്‌കരണത്തിലും തുടങ്ങി നിരവധി സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചിരുന്നു. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഇന്ത്യന്‍ കരസേനയില്‍ ചേര്‍ന്ന അദ്ദേഹം 1986ല്‍ ഓണററി ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് വിവരമിച്ചു.

മദ്യനിരോധന സമിതി, കാന്‍ഫെഡ്, പീപ്പിള്‍സ് ഫോറം തുടങ്ങിയ സംഘടനകളില്‍ നിറസാന്നിധ്യമായിരുന്നു. 2013ലെ ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ആദരം ഏറ്റുവാങ്ങിയിരുന്നു.

ഗോവന്‍ വിമോചനസമരത്തില്‍ പങ്കെടുത്ത ഇദ്ദേഹത്തെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആദരിച്ചിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: കെ.എം ഹരിദാസ്, കെ.എം ശിവദാസ്, കെ.എം വിശ്വദാസ്, സുമതി, സുചിത്ര. മരുമക്കള്‍: സുജാത, ഗീത, വിന്ദുജ, കെ. കരുണാകരന്‍, കെ. രാജന്‍.

Similar News

അബ്ദുല്ല

കേശവ നായക്