ടാറ്റാ നഗര്‍-എറണാകുളം എക്‌സ്പ്രസില്‍ തീപിടിത്തം; ഒരാള്‍ മരിച്ചതായി സംശയം
രണ്ട് എ.സി. കോച്ചുകള്‍ പൂര്‍ണ്ണമായും കത്തി;
വിശാഖപട്ടണം: ടാറ്റാ നഗറില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന എക്‌സ്പ്രസ് ട്രെയിനിനില്‍ തീപിടിത്തം. ഒരാള്‍ മരിച്ചതായി കരുതുന്നു. പലര്‍ക്കും പൊള്ളലേറ്റു. ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
ട്രെയിനിന്റെ രണ്ട് എസി കോച്ചുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളില്‍ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ചയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ട്രെയിന്‍ അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഷന്‍.
പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ ഒരു കോച്ചില്‍ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചില്‍ 76 യാത്രക്കാരുമുണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റുമാര്‍ ഉടന്‍ ട്രെയിന്‍ നിര്‍ത്തി. റെയില്‍വെ ഉദ്യോഗസ്ഥര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. കനത്ത പുക പടര്‍ന്നതോടെ യാത്രക്കാര്‍ കോച്ചുകളില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ഫയര്‍ എഞ്ചിനുകള്‍ എത്തുന്നതിനുമുമ്പ്, രണ്ട് കോച്ചുകളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിച്ച രണ്ട് കോച്ചുകളും ട്രെയിനില്‍ നിന്ന് വേര്‍പെടുത്തി. യാത്രക്കാരെ ഉടനെ പുറത്തിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
സംഭവത്തെത്തുടര്‍ന്ന് വിശാഖപട്ടണം-വിജയവാഡ റൂട്ടിലെ നിരവധി ട്രെയിനുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു.