ദുബായില്‍ വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി അധികൃതര്‍
ദുബായില്‍ വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി അധികൃതര്‍. ട്രാവല്‍ ഏജന്റുമാരാണ് ഇക്കാര്യം അറിയിച്ചത്. നടപടി തുടങ്ങിയതോടെ രാജ്യത്ത് കാലാവധി കഴിഞ്ഞും താമസിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും ഇവര്‍ പറയുന്നു.
അടുത്തിടെ ഒന്നിലധികം കമ്പനി സ്ഥലങ്ങള്‍ അധികൃതര്‍ പരിശോധിച്ചതായി സ്മാര്‍ട്ട് ട്രാവല്‍സിന്റെ ജനറല്‍ മാനേജര്‍ സഫീര്‍ മുഹമ്മദ് പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിശോധനാ സംഘങ്ങള്‍ ഞങ്ങളുടെ ഓഫീസ് ടവര്‍ നിരവധി തവണ സന്ദര്‍ശിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്നത് എല്ലായ്‌പ്പോഴും നിയമവിരുദ്ധമാണെങ്കിലും, എല്ലാവരും നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഇപ്പോള്‍ ഉറപ്പാക്കുന്നുണ്ടെന്നും സഫീര്‍ മുഹമ്മദ് പറയുന്നു.
രാജ്യത്ത് പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. ഈ പദ്ധതി പ്രകാരം, വിസ കാലാവധി കഴിഞ്ഞും താമസിക്കുന്നവര്‍ക്ക് പിഴകള്‍ നേരിടാതെ തിരികെ നാട്ടിലേക്ക് പോകാന്‍ അവസരമുണ്ട്. 2024 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനിന്ന പൊതുമാപ്പിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് അവരുടെ വിസ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചത്. വിസ പൊതുമാപ്പ് അവസാനിച്ചതിനെത്തുടര്‍ന്ന്, ജനുവരിയില്‍ നടത്തിയ പരിശോധനാ കാമ്പെയ്നുകളില്‍ 6,000-ത്തിലധികം നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
സന്ദര്‍ശന വിസയില്‍ കൂടുതല്‍ കാലം തങ്ങുന്നവരുടെ എണ്ണം പകുതിയിലധികം കുറയ്ക്കുന്നതില്‍ ഈ നടപടികള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് സഫീര്‍ എടുത്തുപറഞ്ഞു. 'ജനുവരി മുതല്‍, സന്ദര്‍ശന വിസയില്‍ കൂടുതല്‍ കാലം തങ്ങുന്നവരുടെ എണ്ണം 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞതായും' അദ്ദേഹം വ്യക്തമാക്കി.
പ്ലൂട്ടോ ട്രാവല്‍സിലെ ഭാരത് ഐദാസാനി, യുഎഇയില്‍ സന്ദര്‍ശന വിസയില്‍ ജോലി ചെയ്യുന്നത് എല്ലായ്‌പ്പോഴും നിയമവിരുദ്ധമാണെന്ന് ഊന്നിപ്പറഞ്ഞു. 'ഞങ്ങളുടെ ഉപഭോക്താക്കളോട് അങ്ങനെ ചെയ്യരുതെന്ന് ഞങ്ങള്‍ കര്‍ശനമായി പറയാറുണ്ട്. പൊതുമാപ്പ് അവസാനിച്ചതിനുശേഷം, പരിശോധനകള്‍ പതിവായി, ശിക്ഷകള്‍ കഠിനമാണ്, സന്ദര്‍ശന വിസയില്‍ ജോലി ചെയ്യുന്ന ഏതൊരാള്‍ക്കും നാടുകടത്തല്‍ അനന്തരഫലമാണ്' എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, ശരിയായ പെര്‍മിറ്റുകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നതോ അവര്‍ക്ക് ജോലി ഉറപ്പാക്കാതെ അവരെ രാജ്യത്തേക്ക് കൊണ്ടുവരുന്നതോ ആയ കമ്പനികള്‍ക്ക് 100,000 ദിര്‍ഹം മുതല്‍ 1 ദശലക്ഷം ദിര്‍ഹം വരെ കനത്ത പിഴ ചുമത്തുന്നതിനായി യുഎഇ തൊഴില്‍ നിയമം ഭേദഗതി ചെയ്തിരുന്നു.
പൊതുമാപ്പ് അവസാനിച്ചതിനുശേഷം നിരവധി കമ്പനികള്‍ പരിശോധിച്ചിട്ടുണ്ടെന്ന് അല്‍ഹിന്ദ് ട്രാവല്‍സ് ബിസിനസ് സെന്ററിലെ നൗഷാദ് ഹസ്സന്‍ പങ്കുവെച്ചു. 'വിസിറ്റ് വിസയിലുള്ള ആരും അവിടെ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിരവധി കമ്പനികള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായി അറിഞ്ഞു'- എന്നും അദ്ദേഹം പറഞ്ഞു.
'നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഒരു മികച്ച മാര്‍ഗമാണിത്. വിസിറ്റ് വിസ കാലാവധി കഴിഞ്ഞും താമസിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവും കണ്ടിട്ടുണ്ട്, അതിനാല്‍ ഇത് ശരിക്കും നല്ല സ്വാധീനം ചെലുത്തുന്നു,' എന്നും നൗഷാദ് പറയുന്നു.
വിസിറ്റ് വിസ കാലാവധി കഴിഞ്ഞും താമസിക്കുന്ന തൊഴിലാളികള്‍ ചിലപ്പോള്‍ കുടുങ്ങിപ്പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനുള്ള മാര്‍ഗം ആവശ്യപ്പെട്ട് അവര്‍ ഞങ്ങളെ ബന്ധപ്പെടും, കമ്പനികള്‍ കൈ കഴുകി കളയുന്നതോടെ നിരക്ഷരരായ തൊഴിലാളികള്‍ക്ക് അവരുടെ ഓവര്‍സ്റ്റേ പിഴ അടയ്ക്കുക മാത്രമല്ല, നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് വാങ്ങാന്‍ പോലും പണമില്ലാതാവുകയും ചെയ്യും.
ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് വരുന്ന ആളുകള്‍ക്ക് എയര്‍ ടിക്കറ്റുകള്‍, ഹോട്ടല്‍ റിസര്‍വേഷനുകള്‍, പണമായോ ബാങ്ക് അക്കൗണ്ടുകളിലോ ഒരു നിശ്ചിത തുക എന്നിവ സ്ഥിരീകരിച്ചിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന തരത്തില്‍ അടുത്തിടെ നിയമങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. 'ഇത്തരം പുതിയ നിയമങ്ങളും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നത് മൂലവും, നേരായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ക്ക് തൊഴിലാളികളെ അനാവശ്യമായി മുതലെടുക്കാന്‍ പ്രയാസമാകും എന്നും അദ്ദേഹം പറഞ്ഞു.