കുളിമുറിയില്‍ കാല്‍ തെന്നി വീണ് പരിക്കേറ്റു; ചികിത്സയിലിരിക്കെ സൗദിയില്‍ മലയാളി മരിച്ചു

കോട്ടയം തൃക്കൊടിത്താനം സ്വദേശി റജീന ശരീഫ് ആണ് മരിച്ചത്.;

Update: 2025-05-21 07:57 GMT

റിയാദ്: കുളിമുറിയില്‍ കാല്‍ തെന്നി വീണ് പരിക്കേറ്റ് സൗദിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി സ്‌കൂള്‍ ജീവനക്കാരി മരിച്ചു. സൗദി അറേബ്യയിലെ തബുക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജീവനക്കാരി കോട്ടയം തൃക്കൊടിത്താനം സ്വദേശി റജീന ശരീഫ് (57) ആണ് മരിച്ചത്. കുളിമുറിയില്‍ കാല്‍ തെന്നി വീണതിനെ തുടര്‍ന്ന് തലക്ക് പരിക്കേറ്റ് തബുക്ക് കിംഗ് ഖാലിദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.

തുടര്‍ ചികിത്സക്കായി എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം ജനാസ ജന്നത്തുല്‍ ബഖീയയില്‍ ഖബറടക്കും. മരണാനന്തര കര്‍മ്മങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും മദീന കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങ് രംഗത്തുണ്ട്.

20 വര്‍ഷമായി റജീന ഈ സ്‌കൂളില്‍ ജോലി ചെയ്യുന്നു. മൂന്ന് മക്കളുണ്ട്. ഭര്‍ത്താവ് ശരീഫും അബഹായില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന മകളും മദീനയിലെ ആശുപത്രിയില്‍ റജീനക്കൊപ്പം ഉണ്ടായിരുന്നു.

Similar News