ഡിസംബറില്‍ ദുബായിയില്‍ നിന്ന് യാത്ര പുറപ്പെടുന്നുണ്ടോ? ശ്രദ്ധിക്കൂ..എമിറേറ്റ്‌സിന്റെ ഈ മുന്നറിയിപ്പുകള്‍

Update: 2024-12-10 06:11 GMT

Photo Credit-Emirates, Dubai Airport

ദുബായ്: നിങ്ങള്‍ ഈ മാസം ദുബായിയില്‍ നിന്ന് യാത്ര ചെയ്യുകയാണോ? ആഘോഷ മാസമായ ഡിസംബറില്‍ ദുബായില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏറ്റവും കൂടുതലാണെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ദുബായ് എമിറേറ്റ്‌സ്. അതിനാല്‍ യാത്രക്കാര്‍ ശ്രദ്ധാപൂര്‍വം യാത്ര ആസൂത്രണം ചെയ്യണമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

ഏറ്റവും തിരക്കേറിയ ദിവസങ്ങളും എമിറേറ്റ്‌സ് എയര്‍ലൈന്‍ വെളിപ്പെടുത്തി. ഡിസംബര്‍ 12 മുതല്‍ 15 വരെയും ഡിസംബര്‍ 20 മുതല്‍ 22 വരെയും ഡിസംബര്‍ 27 മുതല്‍ 29 വരെയും പ്രതിദിനം 88,000 യാത്രക്കാരാണ് ദുബായില്‍ നിന്ന് പുറപ്പെടുക.

യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് യുഎഇയുടെ ഫ്‌ളാഗ് കാരിയര്‍ അറിയിച്ചു. എയര്‍പോട്ടിലെ പ്രക്രിയകള്‍ വേഗത്തിലാക്കാന്‍ യാത്രക്കാര്‍ക്ക് ചെക്ക്-ഇന്‍, ബാഗേജ് ഡ്രോപ്പ് ഓപ്ഷനുകള്‍ എന്നിവയുടെ വിശാലമായ ശ്രേണി പ്രയോജനപ്പെടുത്താം.

കഴിഞ്ഞ വര്‍ഷം, പ്രതിദിനം 75,000 എമിറേറ്റ്സ് ഉപഭോക്താക്കളാണ് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ 2024 ല്‍ ചില ദിവസങ്ങളില്‍ ഇത് 89,000 ആയി ഉയര്‍ന്നു. 20 ശതമാനത്തോളം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

എമിറേറ്റ്സില്‍ യാത്ര ചെയ്യുന്ന അതിഥികള്‍ക്ക് പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനായോ ആപ്പ് വഴിയോ ചെക്ക് ഇന്‍ ചെയ്യാം. യാത്രയുടെ തലേദിവസം രാത്രി യാത്രക്കാര്‍ക്ക് ലഗേജുകള്‍ സൗജന്യമായി എയര്‍പോര്‍ട്ടില്‍ ഇറക്കാം.പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പോ യുഎസിലേക്ക് പറക്കുകയാണെങ്കില്‍ പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പോ ഈ സൗകര്യം ലഭ്യമാണ്.

ഫസ്റ്റ് ക്ലാസ് ഉപഭോക്താക്കള്‍ക്കും സ്‌കൈവാര്‍ഡ്‌സ് പ്ലാറ്റിനം അംഗങ്ങള്‍ക്കും കോംപ്ലിമെന്ററിയായ ഹോം ചെക്ക്-ഇന്‍ സൗകര്യം യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം. അജ്മാനില്‍ നിന്ന് പുറപ്പെടുന്നവര്‍ക്ക് വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പ് വരെ അജ്മാന്‍ സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ 24 മണിക്കൂര്‍ സിറ്റി ചെക്ക്-ഇന്‍ ഉപയോഗിക്കാം.

Similar News